photo: twitter/Ferran Torres
ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ നിര്‍ണായകമായ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയ്ക്ക് വിജയം. കരുത്തരായ റയല്‍ മഡ്രിഡിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഇതോടെ സ്പാനിഷ് ലീഗിലെ കിരീടപോരാട്ടത്തില്‍ ലീഡ് വര്‍ധിപ്പിക്കാനും ഒന്നാമതുള്ള സാവിക്കും സംഘത്തിനുമായി.
ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ ബാഴ്‌സയെ ഞെട്ടിച്ചാണ് റയല്‍ തുടങ്ങിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ റയല്‍ ലീഡെടുത്തു. ബാഴ്‌സ പ്രതിരോധതാരം റൊണാള്‍ഡ് അരാഹോയുടെ സെല്‍ഫ് ഗോളാണ് റയലിനെ മുന്നിലെത്തിച്ചത്. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് വിനീഷ്യസ് ജൂനിയറിന്റെ ക്രോസ്സ് തലകൊണ്ട് തടയാന്‍ ശ്രമിച്ച അരാഹോയ്ക്ക് പിഴച്ചു. പന്ത് ഗോള്‍കീപ്പര്‍ ടെര്‍സ്റ്റീഗനേയും മറികടന്ന് നേരേ വലയിലേക്ക് പതിച്ചു.
പിന്നാലെ ബാഴ്‌സലോണ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. നിരന്തരം റയലിന്റെ ബോക്‌സിലേക്ക് ആക്രമണങ്ങളഴിച്ചുവിട്ടു. 45-ാം മിനിറ്റില്‍ സെര്‍ജിയോ റൊബര്‍ട്ടോയിലൂടെ സമനിലഗോളും നേടി. റാഫിന്യയുടെ ഷോട്ട് റയല്‍ കൃത്യമായി പ്രതിരോധിച്ചെങ്കിലും പിന്നീട് കിട്ടിയ പന്ത് സെര്‍ജിയോ റൊബര്‍ട്ടോ മികച്ച ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. ആദ്യ പകുതി 1-1 നാണ് അവസാനിച്ചത്.
രണ്ടാം പകുതിയില്‍ വിജയഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 82-ാം മിനിറ്റില്‍ അസെന്‍ഷിയോയിലൂടെ റയല്‍ വലകുലുക്കിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. വാര്‍ പരിശോധനയില്‍ താരം ഓഫ്‌സൈഡാണെന്ന് കമ്‌ടെത്തിയതോടെയാണ് ഗോള്‍ നിഷേധിച്ചത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ റയലിനെ ഞെട്ടിച്ചുകൊണ്ട് ബാഴ്‌സ മുന്നിലെത്തി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സിയാണ് ബാഴ്‌സയ്ക്കായി ഗോളടിച്ചത്. ഇതോടെ സ്വന്തം തട്ടകത്തില്‍ നിന്ന് ബാഴ്‌സ വിജയത്തോടെ മടങ്ങി.
ലീഗ് പട്ടികയില്‍ രണ്ടാമതുള്ള റയലിനേക്കാള്‍ 12 പോയന്റ് മുന്നിലാണ് സാവിയും സംഘവുമുള്ളത്. 26 മത്സരങ്ങളില്‍ നിന്ന് 68 പോയന്റുമായി ബാഴ്‌സ ഒന്നാമത് തുടരുകയാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 56 പോയന്റാണ് റയല്‍ മഡ്രിഡിനുള്ളത്.
Content Highlights: Barca Snatch Clasico Win Over Real Madrid To Strike Title Blow
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..