പാരിസ്: ഏഴാം ബാലൺദ്യോർ സ്വന്തമാക്കി അർജന്റീന - പി.എസ്.ജി താരം ലയണൽ മെസ്സി. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം.

ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. ഇതിൽ നിന്നാണ് കഴിഞ്ഞ സീസണിലെ മികച്ച താരത്തെ കണ്ടെത്തിയത്. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയാണ് പുരസ്‌കാരം നല്‍കുന്നത്.

ബാഴ്സലോണ താരം അലക്സിയ പുറ്റലാസാണ് മികച്ച വനിതാ താരം. മികച്ച യുവതാരമായി പെഡ്രി ഗോൺസാലസിനെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള പ്രത്യേക പുരസ്കാരം പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കിക്ക്. മികച്ച ഗോൾ കീപ്പർ യാചിൻ ട്രോഫി ഇറ്റാലിയൻ താരം ജിയലുയിലി ഡോണരുമക്ക്.

പി.എസ്.ജി.ക്കായി കളിക്കുന്ന മെസ്സിയും ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോവ്സ്‌കിയും തമ്മിലായിരുന്നു പ്രധാനമത്സരം. മെസ്സിക്ക് 41 ഗോളും 14 അസിസ്റ്റുമാണ് ഉണ്ടായിരുന്നത്. അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്കയും ബാഴ്സലോണക്കൊപ്പം സ്പാനിഷ് കിങ്സ് കപ്പും ജയിച്ചു. ലെവന്‍ഡോവ്സ്‌കി ബയേണിനൊപ്പം ബുണ്ടസ് ലിഗ, ക്ലബ്ബ് ലോകകപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവ നേടി. 64 ഗോളും 10 അസിസ്റ്റും ഇക്കാലയളവിലുണ്ട്. 

ഏറ്റവും കൂടുതൽ ബാലൺദ്യോർ സ്വന്തമാക്കിയ താരവും മെസ്സിയാണ്. അഞ്ച് ബാലൺദ്യോർ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തൊട്ടു പിന്നിൽ.

Content highlights: Lionel Messi Wins Men's Ballon d'Or For Record Seventh Time beating Robert Lewandowski