പാരീസ്: 2021 ബാലണ്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ലയണല്‍ മെസ്സി വീണ്ടും കിരീടം സ്വന്തമാക്കി. മെസ്സിയ്‌ക്കൊപ്പം ചരിത്ര നേട്ടം സ്വന്തമാക്കി ലോകഫുട്‌ബോളിന്റെ നെറുകെയില്‍ നില്‍ക്കുന്ന മറ്റ് താരങ്ങളുമുണ്ട്. അവരെ പരിചയപ്പെടാം. 

മികച്ച വനിതാതാരമായി അലെക്‌സിയ പ്യൂടെല്ലാസ്alexia putellas

മെസ്സിയെപ്പോലെ തന്നെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി ലോകത്തിലെ മികച്ച വനിതാതാരമായി തലയുയര്‍ത്തി നില്‍ക്കുകയാണ് അലെക്‌സിയ പ്യൂടെല്ലാസ്. സ്പാനിഷ് താരമായ പ്യൂടെല്ലാസ് ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ് പുരസ്‌കാര ജേതാവായത്. പ്യൂടെല്ലാസ് അടക്കം അഞ്ചുപേരാണ് ഫൈനല്‍ റൗണ്ടില്‍ പുരസ്‌കാരത്തിനായി മത്സരിച്ചത്. 

എന്നാല്‍ ബാഴ്‌സയ്ക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടവും പ്രിമേറ ഡിവിഷന്‍ കിരീടവും നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച പ്യൂടെല്ലാസ് ഏവരെയും മറികടന്നു. കഴിഞ്ഞ സീസണില്‍ യൂറോപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ വനിതാ മിഡ്ഫീല്‍ഡറാണ് പ്യൂടെല്ലാസ്. 27 കാരിയായ പ്യൂടെല്ലാസ് ഈ വര്‍ഷത്തെ യുവേഫയുടെ മികച്ച വനിതാതാരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. 

ബാഴ്‌സലോണയുടെ തന്നെ ജെന്നിഫര്‍ ഹെര്‍മോസോയാണ് രണ്ടാം സ്ഥാനം നേടിയത്. ചെല്‍സിയുടെ സാം കെര്‍ മൂന്നാമതും ആഴ്‌സനല്‍ സ്‌ട്രൈക്കര്‍ വിവിയാന്നെ മിയേഡെമ നാലാം സ്ഥാനവും സ്വന്തമാക്കി. 

മികച്ച ഗോള്‍കീപ്പര്‍-ജിയാന്‍ലൂയി ഡോണറുമ്മdonnarumma

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി ഇത്തവണ ഇറ്റാലിയന്‍ താരമായ ജിയാന്‍ലൂയി ഡോണറുമ്മ സ്വന്തമാക്കി. ഇറ്റലിയ്ക്ക് വേണ്ടി യൂറോകപ്പ് കിരീടം നേടിയതാണ് ഡോണറുമ്മയെ പുരസ്‌കാരത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഡോണറുമ്മയുടെ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളും പെനാല്‍ട്ടി ഷൂട്ടൗട്ടിലെ സേവുകളും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. നിലവില്‍ പി.എസ്.ജിയ്ക്ക് വേണ്ടിയാണ് താരം വല കാക്കുന്നത്. ചെല്‍സിയുടെ എഡ്വാര്‍ഡോ മെന്‍ഡിയാണ് രണ്ടാം സ്ഥാനത്ത്. അത്‌ലറ്റിക്കോ മഡ്രിഡിന്റെ യാന്‍ ഒബ്ലക്ക് മൂന്നാം സ്ഥാനത്തെത്തി. 

മികച്ച യുവതാരം-പെഡ്രിpedri

ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഫുട്‌ബോള്‍ ലോകത്ത് തന്റേതായ അടയാളം രേഖപ്പെടുത്തിയ താരമാണ് പെഡ്രോ ഗോണ്‍സാലെസ് ലോപ്പസ് എന്ന പെഡ്രി. സ്പാനിഷ് താരമായ പെഡ്രി ബാഴ്‌സലോണയ്ക്ക് വേണ്ടി നടത്തിയ മിന്നല്‍ പ്രകടനം ആരാധകരെ ത്രസിപ്പിച്ചു. ഇതാണ് താരത്തെ പുരസ്‌കാരത്തിലേക്ക് അടുപ്പിച്ചത്.

ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാമിനെയും ബുക്കായോ സാക്കയെയും മറികടന്നാണ് പെഡ്രി മികച്ച യുവതാരത്തിനുള്ള കോപ്പ പുരസ്‌കാരം നേടിയത്. കഴിഞ്ഞയാഴ്ച പെഡ്രി മികച്ച യുവതാരത്തിനുള്ള ഗോള്‍ഡന്‍ ബോയ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. 

മികച്ച സ്‌ട്രൈക്കര്‍-ലെവന്‍ഡോവ്‌സ്‌കിlewandowski

ഇത്തവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടുമെന്ന് കരുതപ്പെട്ടിരുന്ന താരമായിരുന്നു പോളണ്ടിന്റെ ബയേണ്‍ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ഗോളടിയന്ത്രമെന്ന് ഏവരും സ്‌നേഹപൂര്‍വം വിളിക്കുന്ന ലെവന്‍ഡോവ്‌സ്‌കി മെസ്സിയുടെ മുന്നില്‍ വീണെങ്കിലും 2021-ലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ബാലണ്‍ദ്യോര്‍ പുരസ്‌കാരം നല്‍കിയിരുന്നെങ്കില്‍ ലെവന്‍ഡോവ്‌സ്‌കി അതിന് അര്‍ഹനായേനേ. 

2020-ല്‍ ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ട ലെവന്‍ഡോവ്‌സ്‌കി പുതിയ സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 2021-ല്‍ 54 മത്സരങ്ങളില്‍ നിന്ന് 64 ഗോളുകളും പത്ത് അസിസ്റ്റുകളും നാല് കിരീടങ്ങളും നേടാന്‍ ലെവന്‍ഡോവ്ക്‌സിയ്ക്ക് സാധിച്ചു. 

മികച്ച ക്ലബ്ബ്- ചെല്‍സിchelsea

ബാലണ്‍ദ്യോര്‍ പുരസ്‌കാര വേദിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സി തിരഞ്ഞെടുക്കപ്പെട്ടു. 2020-2021 സീസണ്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതാണ് ചെല്‍സിയ്ക്ക് തുണയായത്. 

Content Highlights: Ballon d'Or 2021 complete list of award winners