ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ വടക്കന്‍ ലണ്ടനിലെ കരുത്തരുടെ പോരാട്ടത്തില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെ തകര്‍ക്ക് ആഴ്‌സണല്‍. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഹാരി കെയ്‌നിന്റെ ടീമിനെ ഗണ്ണേഴ്‌സ് തോല്‍പ്പിച്ചത്.  

എമെറിക് ഒബമെയാങ്ങിന്റെ ഇരട്ട ഗോള്‍ ആഴ്‌സണലിന് ജയമൊരുക്കി. സീസണില്‍ തോല്‍വിയറിയാതെയുള്ള ആഴ്‌സണലിന്റെ 19-ാം മത്സരമായിരുന്നു ഇത്. 

പത്താം മിനിറ്റില്‍ ജാന്‍ വെര്‍ട്ടോണ്‍ഹെന്നിന്റെ ഫൗളിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഒബമെയാങ് ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചു. 30-ാം മിനിറ്റില്‍ എറിക് ഡയറിലൂടെ ടോട്ടന്‍ഹാം ഒപ്പമെത്തി. ഗോള്‍ നേടിയ ശേഷം ഗണ്ണേഴ്‌സ് ആരാധകരെ നോക്കിയുള്ള ഡയറിന്റെ ഗോള്‍ ആഘോഷം ടച്ച് ലൈനില്‍ ചെറിയ കശപിശക്ക് കാരണമാകുകയും ചെയ്തു.

aubameyang stars as arsenal fightback stuns tottenham

നാലു മിനിറ്റുകള്‍ക്കു ശേഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഹാരി കെയ്ന്‍ ടോട്ടന്‍ഹാമിന് ലീഡ് നല്‍കി. ആദ്യ പകുതി ടോട്ടന്‍ഹാമിന്റെ മുന്നേറ്റത്തിലാണ് അവസാനിച്ചത്. 

രണ്ടാം പകുതിയില്‍ നിരന്തരം ആക്രമിച്ച ആഴ്‌സണല്‍, ടോട്ടന്‍ഹാം പ്രതിരോധത്തെ വിറപ്പിച്ചു. 56-ാം മിനിറ്റില്‍ ഒരു കിടിലന്‍ ലോങ് റേഞ്ചറിലൂടെ ഒബമെയാങ് ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചു. പിന്നാലെ 74-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ  ലാക്കസെറ്റ് അവരുടെ ലീഡുയര്‍ത്തി. 77-ാം മിനിറ്റില്‍ ലൂക്കാസ് ടൊറെയ്‌രയിലൂടെ ഗണ്ണേഴ്‌സ് നാലാം ഗോളും നേടി. 

നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ അവസാന 9 പോരാട്ടത്തില്‍ ഗണ്ണേഴ്‌സിന്‍റെ രണ്ടാമത്തെ മാത്രം ജയമാണിത്. ജയത്തോടെ 30 പോയിന്റുമായി നാലാം സ്ഥാനത്താണ് ആഴ്‌സണല്‍. ഗോള്‍ ശരാശരിയില്‍ പിന്നിലായ ടോട്ടന്‍ഹാം അഞ്ചാം സ്ഥാനത്താണ്.

Content Highlights: aubameyang stars as arsenal fightback stuns tottenham