ബാന്‍ജുള്‍: ഗാബോണിന്റെ ആര്‍സനല്‍ സൂപ്പര്‍ താരം പിയറി ഔബെമയാങ്ങും സഹതാരങ്ങളും രാത്രി വിമാനത്താവളത്തില്‍ കിടന്നുറങ്ങിയത് വിവാദമാകുന്നു. ഗാംബിയയ്‌ക്കെതിരെയുള്ള ആഫ്രിക്ക നേഷന്‍സ് കപ്പ് യോഗ്യതാമത്സരത്തിനായി എത്തിയ ഗാബോണ്‍ താരങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്നുറങ്ങുന്ന ചിത്രം ഔബെമയാങ്ങ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

മത്സരത്തിന് വേണ്ടി ബാന്‍ജുള്‍ എയര്‍പോര്‍ട്ടിലെത്തിയ താരങ്ങള്‍ക്ക് ചില അഡ്മിനിസ്‌ട്രേഷന്‍ പ്രശ്‌നങ്ങള്‍ കാരണം പുറത്തുപോകാനായില്ല. കൃത്യമായ വിവരമെന്തെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയതുമില്ല. ഇതുമൂലം ഔബെമയാങ്ങും സംഘവും വിമാനത്താവളത്തില്‍ തന്നെ നേരം വെളുപ്പിച്ചു. താരങ്ങളെല്ലാം നിലത്ത് കിടന്നാണ് ഉറങ്ങിയത്. 

ഇതിനെതിരെ പ്രതികരിച്ച ഔബെമയാങ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ സംഭവം വിവാദമായി. ഇതേത്തുടര്‍ന്ന് പിറ്റേന്ന് രാവിലെ താരങ്ങള്‍ക്ക് ഹോട്ടലിലേക്ക് പോകാനുള്ള അനുമതി എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കി. ഗാംബിയന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 

നിലവില്‍ ഗ്രൂപ്പ് പോയന്റ് പട്ടികയില്‍ ഗാബോണ്‍ ഒന്നാമതാണ്. ഗാംബിയ രണ്ടാമതും. 

Content Highlights: Aubameyang and Gabon team mates forced to sleep on airport floor