മഡ്രിഡ്: ലാ ലിഗ കിരീടം നേടാന്‍ അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ മഡ്രിഡ് താരങ്ങള്‍ ജീവന്‍വരെ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് പരിശീലകന്‍ സിമിയോണി. ലാ ലിഗയിലെ ഈ സീസണിലെ അവസാന മത്സരത്തിനിറങ്ങാനൊരുങ്ങുകയാണ് അത്‌ലറ്റിക്കോ. 

ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ വിജയിച്ചാല്‍ കിരീടം ടീമിന് സ്വന്തമാകും. എന്നാല്‍, ഫോട്ടോഫിനിഷിലേക്ക് നീണ്ട ലീഗില്‍ അത്‌ലറ്റിക്കോ പരാജയപ്പെടുകയോ സമനില നേടുകയോ ചെയ്താല്‍ റയല്‍ കപ്പുയര്‍ത്തും. റയലിനും ഇന്നത്തെ മത്സരത്തില്‍ വിജയിച്ചേ മതിയാകൂ. 

അത്‌ലറ്റിക്കോ സമനില നേടുകയും റയല്‍ വിജയിക്കുകയും ചെയ്താല്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയതിന്റെ ആനുകൂല്യത്തില്‍ സിദാനും സംഘവും കിരീടമുയര്‍ത്തും. അതുകൊണ്ടുതന്നെ അവസാന മത്സരത്തില്‍ ഇരുടീമുകള്‍ക്കും വിജയിച്ചേ പറ്റൂ. 

നിലവില്‍ 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അത്‌ലറ്റിക്കോയ്ക്ക് 83 പോയന്റുണ്ട്. റയലിന് ഇത്രയും മത്സരങ്ങളില്‍ നിന്നും 81 പോയന്റാണുള്ളത്. താരതമ്യേന ദുര്‍ബലരായ വയ്യാഡോളിഡാണ് അത്‌ലറ്റിക്കോയുടെ എതിരാളികള്‍. റയല്‍ വിയ്യാറയലിനെ നേരിടും. 

' ഇന്നത്തെ മത്സരത്തില്‍ എന്റെ കളിക്കാര്‍ മികച്ച പ്രകടനം പുറത്തെടുക്കും. മത്സരം വിജയിക്കാനായി അവര്‍ ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണ്. വളരെ ദൈര്‍ഘ്യമേറിയ യാത്രയായിരുന്നു ഇത്. സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചു. അവസാന മത്സരത്തിലും അവരത് കാണിക്കും.''- സിമിയോണി വ്യക്തമാക്കി.

റയലിന്റെയും ബാഴ്‌സലോണയുടെയും അത്ര താരബലമില്ലാതിരുന്നിട്ടും മികച്ച ടീം ഗെയിം പുറത്തെടുക്കാണ് അത്‌ലറ്റിക്കോ പട്ടികയില്‍ ഒന്നാമതെത്തിയത്. 

Content Highlights: Atletico Madrid will give their life to win LaLiga, says Simeone