മാഡ്രിഡ്: ലാ ലിഗ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് സീസണിലെ ആദ്യ പരാജയം. എതിരില്ലാത്ത ഒരു ഗോളിന് ഡീപോര്‍ട്ടീവോ അലാവെസാണ് അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. 2003-ന് ശേഷം അത്‌ലറ്റിക്കോയ്‌ക്കെതിരേ അലാവെസിന്റെ ആദ്യ വിജയമാണിത്.

മത്സരം തുടങ്ങി പത്താം മിനിറ്റില്‍ വിക്ടര്‍ ലഗ്വാര്‍ദിയ അലാവെസിനായി ലക്ഷ്യം കണ്ടു. ഈ ഗോളിന് മറുപടി നല്‍കാന്‍ അത്‌ലറ്റിക്കോ കിണഞ്ഞു ശ്രമിച്ചെങ്കിലും നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ആകെ ഒരു ഷോട്ട് മാത്രമാണ് അവര്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തത്. 

ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി അത്‌ലറ്റിക്കോ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആറു മത്സരങ്ങളില്‍ അഞ്ചു വിജയവുമായി റയല്‍ മാഡ്രിഡാണ് ഒന്നാമത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റ് മാത്രമുള്ള ബാഴ്‌സലോണ എട്ടാം സ്ഥാനത്താണ്. 

Content Highlights: Atletico Madrid vs Alaves La Liga Football