മാഡ്രിഡ്: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ മധ്യനിരയില്‍ കളി മെനഞ്ഞ റോഡ്രിഗോ ഡി പോള്‍ ഇനി സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡില്‍. 35 ദശലക്ഷം യൂറോയ്ക്ക് (309 കോടി രൂപ) അഞ്ചു വര്‍ഷത്തെ കരാറാണ് റോഡ്രിഗോ ഡി പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായി ഒപ്പുവെച്ചത്. 

ഇത് രണ്ടാം തവണയാണ് ഡി പോള്‍ ലാ ലിഗയില്‍ കളിക്കാനൊരുങ്ങുന്നത്. നേരത്തെ സ്പാനിഷ് ക്ലബ്ബ് വലന്‍സിയയില്‍ മൂന്ന് സീസണില്‍ അര്‍ജന്റീനാ താരം കളിച്ചിരുന്നു. 2014 മുതല്‍ 2016 വരെയായിരുന്നു ഇത്.

ഇറ്റാലിയന്‍ ക്ലബ്ബ് യുദനിസെയില്‍ നിന്നാണ് ഡി പോള്‍ അത്‌ലറ്റിക്കോയിലെത്തുന്നത്. 2016 മുതല്‍ ഇറ്റാലിയന്‍ ലീഗില്‍ കളിക്കുന്ന താരം 177 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടിയിട്ടുണ്ട്.

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ഡി പോള്‍ സ്റ്റാര്‍റ്റിങ് ഇലവനില്‍ കളിച്ചിരുന്നു. കിരീടത്തില്‍ നിര്‍ണായകമായ എയ്്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍ വന്നത് ഡി പോളിന്റെ അസിസ്റ്റില്‍ നിന്നാണ്.

Content Highlights: Atletico Madrid signs Argentina Player Rodrigo De Paul