ലണ്ടന്‍: അത്‌ലറ്റിക്കോ മഡ്രിഡിന്റെ വിശ്വസ്തനായ താരം സൗള്‍ നിഗ്വെസിനെ ചെല്‍സി സ്വന്തമാക്കി. ലോണ്‍ അടിസ്ഥാനത്തിലാണ് ചെല്‍സി താരത്തെ ടീമിലെത്തിച്ചത്. അത്‌ലറ്റിക്കോയ്ക്ക് വേണ്ടി എട്ടു സീസണുകള്‍ കളിച്ച ശേഷമാണ് നിഗ്വെസ് ടീം വിടുന്നത്. 

സ്പാനിഷ് താരമായ നിഗ്വെസ് 2008-ല്‍ ജൂനിയര്‍ ടീം അംഗമായാണ് അത്‌ലറ്റിക്കോയിലെത്തുന്നത്. 17-ാം വയസ്സില്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. അത്‌ലറ്റിക്കോയ്ക്ക് വേണ്ടി 340 മത്സരങ്ങള്‍ കളിച്ച താരം 43 ഗോളുകളും സ്വന്തമാക്കി. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറാണ് നിഗ്വെസ്. 

അത്‌ലറ്റിക്കോയ്‌ക്കൊപ്പം ലാ ലിഗ, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍കപ്പ്, യൂറോപ്പ ലീഗ് എന്നീ കിരീടങ്ങള്‍ താരം സ്വന്തമാക്കി. 

നിഗ്വെസ് കൂടിയെത്തുന്നതോടെ ചെല്‍സി ശക്തരാകും. നേരത്തേ ഇന്ററിന്റെ സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിനെ ചെല്‍സി ടീമിലെത്തിച്ചിരുന്നു. 

Content Highlights: Atletico Madrid's Saul Niguez moves to Chelsea on loan