ടാല്ലിന്‍ (എസ്‌റ്റോണിയ): സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടശേഷം ആദ്യ പ്രധാന മത്സരത്തിനിറങ്ങിയ റയലിന് തോല്‍വിയോടെ തുടക്കം. 

വ്യാഴാഴ്ച പുലര്‍ച്ചെ പോളണ്ടിലെ എസ്റ്റോണിയയില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് റയലിനെ തകര്‍ത്തുവിട്ടു. അധിക സമയത്തെ രണ്ടു ഗോളുകളാണ് റയലിന്റെ വിധി നിര്‍ണയിച്ചത്. 2010, 2012 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായിട്ടുള്ള അത്‌ലറ്റിക്കോയുടെ മൂന്നാം കിരീടമാണിത്.

മത്സരം ആരംഭിച്ച് 49-ാം സെക്കന്‍ഡില്‍ തന്നെ റയലിനെ ഞെട്ടിച്ച് ഡിയോഗോ കോസ്റ്റ അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചു. സൂപ്പര്‍ കപ്പിലെ ഏറ്റവും വേഗമേറിയ ഗോള്‍ എന്ന റെക്കോര്‍ഡ് ഇതോടെ കോസ്റ്റ സ്വന്തമാക്കി. എന്നാല്‍ 27-ാം മിനിറ്റില്‍ കരിം ബെന്‍സെമ റയലിനെ ഒപ്പമെത്തിച്ചു. 

റൊണാള്‍ഡോയുടെ അഭാവത്തില്‍ റയല്‍ അക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഗാരെത് ബെയ്‌ലിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. വലതു വിങ്ങില്‍ നിന്ന് ബെയ്ല്‍ കൊടുത്ത ക്രോസ്, ഹെഡറിലൂടെ ബെന്‍സെമ ഗോളാക്കി. 63-ാം മിനിറ്റില്‍ ഹാന്‍ഡ് ബോളിന്റെ പേരില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി നായകന്‍ സെര്‍ജിയോ റാമോസ് റയലിനെ മുന്നിലെത്തിച്ചു. 

എന്നാല്‍ ടച്ച്‌ലൈന്‍ വിലക്ക് നേരിടുന്ന പരിശീലകന്‍ ഡിയഗോ സിമിയോണിയുടെ അഭാവമൊന്നും അത്‌ലറ്റിക്കോയെ ബാധിച്ചില്ല. 79-ാം മിനിറ്റില്‍ കൊരീയയുടെ പാസില്‍ നിന്ന് കോസ്റ്റ തന്നെ അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. 

അധികസമയത്തിന്റെ എട്ടാം മിനിറ്റില്‍ സോള്‍ നിഗസിന്റെ ഗോളിലൂടെ അത്‌ലറ്റിക്കോ വിജയത്തിനടുത്തെത്തി. ആറു മിനിറ്റുകള്‍ക്കു ശേഷം കോക്കെ അത്‌ലറ്റിക്കോയുടെ നാലാം ഗോളും കണ്ടെത്തി. അതോടെ തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ റയലിനെ കാഴ്ചക്കാരാക്കി അത്‌ലറ്റിക്കോയ്ക്ക് കിരീടം. പുതിയ പരിശീലകന്‍ ജുലെന്‍ ലൊപറ്റേഗിക്കു കീഴിലെ ആദ്യ കിരീടപോരാട്ടത്തില്‍ തന്നെ റയലിന് തോല്‍വിയും.

Content Highlights: atletico madrid, real madrid, european super cup