ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ഡീപോര്‍ട്ടീവോയും തമ്മിലുള്ള മത്സരത്തിനിടെ  സ്പാനിഷ് താരം ഫെര്‍ണാണ്ടോ ടോറസിന് ഗുരുതരമായി പരിക്കേറ്റു. മത്സരത്തിനിടെ ഡീപോര്‍ട്ടീവോയുടെ പ്രതിരോധതാരം അലെക്‌സ് ബെര്‍ഗാന്റിനോണ്‍സിന്റെ കൈമുട്ട് ടോറസിന്റെ പിന്‍കഴുത്തില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തലകുത്തി ഗ്രൗണ്ടില്‍ വീണ ടോറസ് ബോധരഹിതനായി. ഉടനെ സഹതാരങ്ങള്‍ ടോറസിനരികില്‍ ഓടിയെത്തുകയും കൃത്രിമശ്വാസം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു.

പിന്നീട് മെഡിക്കല്‍ സംഘമെത്തി മുന്‍ ലിവര്‍പൂള്‍ താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ടോറസിന്റെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്നും രാത്രി മുഴുവന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നുവെന്നും അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി.
സി.ടി സ്‌കാനിനു ശേഷം ടോറസ് തന്റെ അവസ്ഥയെക്കുറിച്ച് ട്വീറ്റ് ചെയ്തു. സഹായത്തിനെത്തിയ എല്ലാവരോട് നന്ദി അറിയിക്കുന്നുവെന്നും പെട്ടെന്ന് തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ടോറസ് കുറിച്ചു.

ടോറസ് ഗ്രൗണ്ടില്‍ വീണതോടെ ഇരുടീമുകളിലെയും കളിക്കാര്‍ക്ക് എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു. എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തിയും ഭയവും കാണാമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചതിന്റെ ആഘാതമായിരുന്നു അത്.

അത്‌ലറ്റിക്കോയുടെ ഡിഫന്‍ഡര്‍ ജോസ് മരിയ ഗിമ്മെന്‍സിന് ടോറസിന്റെ അവസ്ഥ കണ്ട് കരച്ചിലടക്കാനായില്ല. ടോറസ് വീണതോടെ എല്ലാവരും പേടിച്ചുപോയെന്ന് അത്‌ലറ്റിക്കോയുടെ ലെഫ്റ്റ് ബാക്ക് ഫിലിപ്പ് ലൂയിസ് മത്സരശേഷം പ്രതികരിച്ചു. 

നേരത്തെ തന്നെ മൂന്ന് സബ്‌സ്റ്റിറ്റ്യൂഷനുകള്‍ നടത്തിയതിനാല്‍ അവസാന ഏഴു മിനിറ്റ് പത്ത് പേരുമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് കളിച്ചത്. മത്സരത്തില്‍ ഇരുടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞു.