മഡ്രിഡ്: ലാലിഗയില്‍ കിരീടപ്പോരാട്ടം മുറുകുന്നു. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു അത്‌ലറ്റിക്കോ മഡ്രിഡ് അവസാന മത്സരങ്ങളില്‍ കളി മറക്കുമ്പോള്‍ ബാഴ്‌സലോണയ്ക്കും റയല്‍ മഡ്രിഡിനും കിരീടപ്രതീക്ഷയേറുന്നു. ഒടുവിലെ മത്സരത്തില്‍ സെവിയ്യയോടെ പരാജയപ്പെട്ടതോട അത്‌ലറ്റിക്കോ മഡ്രിഡിന്റെ നില പരുങ്ങലിലായി.

എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കോയെ സെവിയ്യ പരാജയപ്പെടുത്തിയത്. 70-ാം മിനിട്ടില്‍ മാര്‍ക്കോസ് അക്യൂനയാണ് ടീമിനായി വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും അത്‌ലറ്റിക്കോ തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 29 മത്സരങ്ങളില്‍ നിന്നും 66 പോയന്റാണ് ടീമിനുള്ളത്.

ഐബറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ രണ്ടാം സ്ഥാനത്തുള്ള റയലിന് 29 മത്സരങ്ങളില്‍ നിന്നും 63 പോയന്റായി. പക്ഷേ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണ വയ്യാഡോയിഡിനെ കീഴടക്കിയാല്‍ റയല്‍ മൂന്നാം സ്ഥാനത്തേക്ക് വീണ്ടും വീഴും. നിലവില്‍ 28 മത്സരങ്ങളില്‍ നിന്നും 62 പോയന്റുകളാണ് ബാഴ്‌സയ്ക്കുള്ളത്.

ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ബാഴ്‌സയ്ക്ക് 29 മത്സരങ്ങളില്‍ നിന്നും 65 പോയന്റാകും. അതായത് അത്‌ലറ്റിക്കോ മഡ്രിഡുമായുള്ള അകലം വെറും ഒരു പോയന്റ് മാത്രമായി ചുരുങ്ങും. ഇതോടെ ഈ മൂന്നു ടീമുകള്‍ക്കും ഇനിയുള്ള കളികള്‍ വളരെ നിര്‍ണായകമാണ്. 

Content Highlights: Atletico Madrid dealt another title blow after 0-1 defeat by Sevilla