മ്യൂണിക്: കഴിഞ്ഞ 11 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ് വഴങ്ങിയത് കേവലം അഞ്ചു ഗോള്‍ മാത്രം. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ മാഡ്രിഡിന് ടീമിനെ എതിരിടുന്ന ബയറണ്‍ മ്യൂണിക്കിന്റെ നെഞ്ചിടിപ്പേറ്റുന്നതും ഈ റെക്കോഡാണ്. ഒരു ഗോളിന്റെ കടവുമായി കളിക്കാനിറങ്ങുന്ന ജര്‍മന്‍ ടീമിന് ആകെയുള്ള ആശ്വാസം സ്വന്തം ഗ്രൗണ്ടിലാണ് കളിയെന്നതാണ്. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് അത്ലറ്റിക്കോ-ബയറണ്‍ മത്സരം.

ജര്‍മന്‍ മണ്ണില്‍ 16 കളിയില്‍ എട്ടെണ്ണത്തിലും തോറ്റിട്ടുണ്ടെന്നത് അത്ലറ്റിക്കോ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം പോരായ്മയാണ്. എന്നാല്‍, പണ്ടെത്തെ ടീമില്ല ഇപ്പോഴത്തേത്. പ്രതിരോധം കടുകട്ടി. ആവശ്യത്തിന് ഗോളടിക്കാന്‍ ഗ്രിസ്മാനും ഫെര്‍ണാണ്ടോ ടോറസും അടങ്ങുന്ന മുന്നേറ്റം. പ്രതിരോധിക്കാന്‍ സര്‍വസജ്ജരായ മധ്യനിര. ആദ്യപാദത്തില്‍ സോള്‍ നിഗുസിന്റെ ഗോളില്‍ ലഭിച്ച മുന്‍തൂക്കം പ്രതിരോധ മികവിലൂടെ നിലനിര്‍ത്താനാവും ടീമിന്റെ ശ്രമം.

മറുവശത്ത് ബയറണിന് ശക്തമായ പ്രതിരോധം തുളയ്ക്കാനുള്ള കെല്‍പ്പില്ല. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ മൊണ്‍ചെന്‍ ഗ്ലാഡ്ബാക്കിനോട് സമനിലയില്‍ കുരുങ്ങിയാണ് അവരുടെ വരവ്. മധ്യനിരയെ ശക്തിപ്പെടുത്തിയാണ് കഴിഞ്ഞ മത്സരത്തില്‍ അവര്‍ കളിച്ചത്. എന്നാല്‍, ഫോര്‍മേഷനില്‍ മാറ്റം വരുത്താന്‍ ഗാര്‍ഡിയോള തയ്യാറാകും.

അത്ലറ്റിക്കോ 4-4-2 ശൈലിയില്‍ കളിക്കും. മുന്നേറ്റത്തില്‍ അന്റോണിയോ ഗ്രിസ്മാനും ഫെര്‍ണാണ്ടോ ടോറസുമാകും. മധ്യനിരയില്‍ കോക്കെ, നിഗുസ്, അഗുസ്തോ ഫെര്‍ണാണ്ടസ്, ഗാബി എന്നിവര്‍ കളിക്കാനിറങ്ങുമ്പോള്‍ പ്രതിരോധത്തിലേക്ക് പരിക്കുമാറി ഗോഡിന്‍ വരും. യുവാന്‍ ഫ്രാന്‍, ജെമെനസ്, ഫിലിപ്പ് ലൂയിസ്, സാവിക് എന്നിവരും ഒപ്പമുണ്ടാകും. പരിക്കു മാറിയെത്തിയ കാസെമിറോ മധ്യനിരയില്‍ പകരക്കാരനായേക്കും.

ബയറണ്‍ നിരയിലേക്ക് തോമസ് മുള്ളര്‍, ഫ്രാങ്ക് റിബറി, ജറോം ബോട്ടെങ് എന്നിവര്‍ തിരികെയെത്തും. രണ്ട് സ്ട്രൈക്കര്‍മാരെ കളിപ്പിക്കുന്ന രീതിയിലാകും ഫോര്‍മേഷന്‍. റിബറി മധ്യനിരയിലും ബോട്ടെങ് പ്രതിരോധത്തിലേക്കും വരുന്നത് ടീമിന് കരുത്തു പകരും.