മാഡ്രിഡ്: കളിക്കുന്ന ക്ലബ്ബിനോടുള്ള സ്‌നേഹം കൈവിടാതെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്‍. അത്‌ലറ്റിക്കോ മാഡ്രിഡിന് ഒരാപത്ത് ഉണ്ടായപ്പോൾ ടീമിനൊപ്പം നിന്നാണ് ഗ്രീസ്മാന്‍ തന്റെ കൂറ് കാണിച്ചത്. 2018 വരെ അതല്റ്റിക്കോ മാഡ്രിഡിന്‌ പുതിയ കളിക്കാരെ ടീമിലെടുക്കാന്‍ പറ്റില്ലെന്ന് ലോക സ്‌പോര്‍ട്‌സ് കോടതിയുടെ വിധി വന്നതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറാനുള്ള തീരുമാനം ഗ്രീസ്മാന്‍ ഉപേക്ഷിക്കുകയായിരുന്നു. 

'എന്റെ ക്‌ളബിന് എന്റെ സാന്നിധ്യം അനിവാര്യമായ സമയമാണിത്. കോടതിവിധി എതിരായതോടെ ഞാന്‍ അടക്കമുള്ളവര്‍ ടീം വിടുകയാണെങ്കില്‍ അതൊരു ദുരന്തമായി മാറും.  എന്റെ സഹ കളിക്കാരുടെയും ടീം ആരാധകരുടെയും ആകുലത ഞാന്‍ മനസിലാക്കുന്നു. അത് കണക്കിലെടുത്ത് അടുത്ത സീസണിലും എന്റെ ടീമിനൊപ്പം ഞാന്‍ നിലയുറപ്പിക്കും'-ഗ്രീസ്മാന്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് ലോക സ്‌പോര്‍ട്‌സ് കോടതി അത്‌ലറ്റിക്കോ മാഡ്രിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് 2018 വരെ പുതിയ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യമല്ലെന്ന ഫുട്‌ബോള്‍ പരമോന്നത സമിതിയുടെ ശിക്ഷ ശരിവെച്ചത്. ഗ്രീസ്മാന്‍ അടക്കമുള്ളവര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിടുകയാണെങ്കില്‍ ടീമിന്റെ നിലനിൽപിനെത്തന്നെ ബാധിച്ചേക്കുമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബയറണ്‍ മ്യൂണിക്കും അടക്കം ഗ്രീസ്മാന് റെക്കോര്‍ഡ് തുക വാഗ്ദ്ധാനം ചെയ്യുകയും ചെയ്തിരുന്നു.