മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് തോല്‍വി എറ്റുവാങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ പുറത്ത്. ക്വാര്‍ട്ടറിന്റെ ഒന്നാംപാദത്തില്‍ 2-1ന്റെ മുന്‍തൂക്കവുമായി ഇറങ്ങിയ ബാഴ്‌സയെ രണ്ടാംപാദത്തില്‍ ഏകപക്ഷീയമായി രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റികോ സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍: 3-2.

ബാഴ്‌സയ്‌ക്കെതിരെ ആദ്യപാദത്തില്‍ നേടിയ എവേ ഗോളിന്റെ ബലത്തില്‍ കളത്തിലിറങ്ങിയ അത്‌ലറ്റികോ മികച്ച കളിയാണ് കെട്ടഴിച്ചത്. ആന്റോണ്‍ ഗ്രിസ്മന്‍ ആണ് അത്‌ലറ്റികോയുടെ ഇരുഗോളുകളുംനേടിയത്. 36-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഗ്രീസ്മാന്‍ 88-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ചു.

Griezmann
ഗോള്‍ നേടിയ ഗ്രീസ്മാന്റെ ആഹ്ലാദം. ഫോട്ടോ: എപി.

 

ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ബെന്‍ഫിക്കയെ സമനില നേടിയ ബയറണ്‍ മ്യൂണിക്കും സെമിപ്രവേശനം നേടി. ഇന്ന് നടന്ന രണ്ടാം പാദ മത്സരം 2-2 എന്ന സ്‌കോറില്‍ കലാശിച്ചപ്പോള്‍ ആദ്യപാദത്തില്‍ നേടിയ ഒരു ഗോളിന്റെ മുന്‍തൂക്കം ബയറണിനെ സെമിയിലെത്തിക്കുകയായിരുന്നു. സ്‌കോര്‍: 3-2.

റൗണ്‍ ജിമെനസ് 27-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബന്‍ഫിക്കയെ 38-ാം മിനിറ്റില്‍ അല്‍ട്ടൂറോ വിദാലും 52-ാം മിനിറ്റില്‍ തോമസ് മുള്ളറും നേടിയ ഗോളുകളിലൂടെ ബയറണ്‍ മറികടക്കുകയായിരുന്നു. എന്നാല്‍ 78-ാം മിനിറ്റില്‍ ടാലിസ്‌ക നേടിയ നേടിയഗോള്‍ ബന്‍ഫിക്കയ്ക്ക് രണ്ടാംപാദത്തില്‍ സമനില നേടിക്കൊടുക്കുകയായിരുന്നു.

Bayern
മത്സരശേഷം ബയറണ്‍ താരങ്ങള്‍ ആഹ്ലാദത്തില്‍. ഫോട്ടോ: എപി.

 

റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് മറ്റു സെമിഫൈനലിസ്റ്റുകള്‍. റയല്‍ വോള്‍ഫ്‌സ്ബുര്‍ഗിനെയും മാഞ്ചസ്റ്റര്‍ പിഎസ്ജിയെയും തോല്‍പിച്ചാണ് സെമിയുറപ്പിച്ചത്. ഏപ്രില്‍ 15 വെള്ളിയാഴ്ചയാണ് സെമി മത്സരങ്ങള്‍.