കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിന്റെ മലയാളി സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിനും ഐ ലീഗില്‍ നിന്ന് ഐ.എസ്.എല്ലിലേയ്ക്ക്. ഈസ്റ്റ് ബംഗാളില്‍ നിന്ന് എ.ടി.കെ. കൊല്‍ക്കത്തയാണ് ജോബിയെ സ്വന്തമാക്കിയത്.
മൂന്ന് വര്‍ഷത്തെ കരാറിലാണ് എ.ടി.കെ. ജോബിയെ ടീമിലെടുത്തത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് എ.ടി.കെ. ജോബിയുമായി കരാര്‍ ഒപ്പിട്ട കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജൂണ്‍ മുതലാണ് ജോബിയുടെ കരാര്‍ നിലവില്‍ വരിക. എന്നാല്‍, ജോബി ഇപ്പോഴും തങ്ങളുടെ താരമാണെന്നാണ് ഈസ്റ്റ് ബംഗാള്‍ പറയുന്നത്.
തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ജോബി 2017 മുതലാണ് ഈസ്റ്റ് ബംഗാളിനുവേണ്ടി കളിച്ചുതുടങ്ങിയത്. നേരത്തെ കെ.എസ്.ഇ.ബിക്കും ടൈറ്റാനിയത്തിനുംവേണ്ടി കളിച്ചിരുന്നു.
ഈസ്റ്റ് ബംഗാളിനുവേണ്ടി രണ്ട് സീസണുകളിലായി 47 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ നേടിയിട്ടുണ്ട്. 26 ഐ ലീഗ് മത്സരങ്ങളില്‍ നിന്ന് 11 ഗോളാണ് സമ്പാദ്യം. ഈ സീസണിൽ മാത്രം ഒന്‍പത് ഗോളുകള്‍ നേടിയ ജോബി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.
ബല്‍വന്ത് സിങ്, കോമള്‍ തട്ടല്‍ എന്നിവര്‍ക്കൊപ്പം ജോബി കൂടി ചേരുന്നതോടെ ലീഗിലെ ഗോള്‍വരച്ചയ്ക്ക് ആശ്വസമുണ്ടാകുമെന്നാണ് എടികെയുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ മാത്രമാണ് ടീമിന് നേടാനായത്. കേരള ബ്ലാസ്‌റ്റേഴ്‌സും (18) ചെന്നൈയിന്‍ എഫ്.സിയുമാണ് (16) ഇവര്‍ക്കൊപ്പം ഇരുപതില്‍ കുറവ് ഗോളുകള്‍ നേടിയത്.
സ്പാനിഷ് താരങ്ങളായ മാന്വല്‍ ലാന്‍സറോട്ടെ, എഡു ഗാര്‍ഷ്യ, ഇംഗ്ലീഷ് താരം ജോണ്‍ ജോണ്‍സണ്‍ എന്നിവരുടെ കരാര്‍ നീട്ടിയതായും എ.ടി.കെ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Content Highlights: ATK sign East Bengal Striker Jobby Justin I League Football ISL