കൊല്‍ക്കത്ത: കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് എഫ്.സിക്ക് വേണ്ടി തിളങ്ങിയ യുവതാരം ലിസ്റ്റണ്‍ കൊളാസോയെ എ.ടി.കെ മോഹന്‍ ബഗാന്‍ റാഞ്ചി. 

ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന റെക്കോഡ് തുകയ്ക്കാണ് എ.ടി.കെ കൊളാസോയെ ടീമിലെത്തിച്ചിരിക്കുന്നത്. 90 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ് തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെയാണ് താരം ടീം വിടുന്നത്.

ഇതിനിടെ യുവപ്രതിരോധനിരതാരം ഹോര്‍മിപാം റുവയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. മണിപ്പൂര്‍ സ്വദേശിയായ ഇരുപതുകാരന്‍ പഞ്ചാബ് എഫ്.സി.യില്‍നിന്നാണ് കേരള ടീമിലെത്തുന്നത്. സെന്‍ട്രല്‍ബാക്ക് പൊസിഷനില്‍ കളിക്കുന്ന ഹോര്‍മിപാം കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ആരോസിനുവേണ്ടി കളിച്ചു. 2019-ല്‍ സാഫ് കിരീടം നേടിയ ഇന്ത്യന്‍ അണ്ടര്‍-18 ടീമില്‍ അംഗമായിരുന്നു. ബെംഗളൂരു സ്വദേശിയും ലെഫ്റ്റ് ബാക്കുമായി സഞ്ജീവ് സ്റ്റാലിനും നേരത്തേ ടീമിലെത്തിയിരുന്നു.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി പ്രതിരോധനിര താരം രാഹുല്‍ ഭെക്കെയെ ബെംഗളൂരു എഫ്.സിയില്‍ നിന്ന് ടീമിലെത്തിച്ചു. എഫ്.സി. ഗോവയില്‍നിന്ന് ഗോള്‍കീപ്പര്‍ മുഹമ്മദ് നവാസിനേയും സ്വന്തമാക്കി. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ഈസ്റ്റ് ബംഗാളില്‍ നിന്ന് സെന്‍ട്രല്‍ ബാക്ക് സാര്‍ഥക് ഗോലുയ്, മോഹന്‍ ബഗാനില്‍നിന്ന് മധ്യനിരതാരം ജയേഷ് റാണ എന്നിവരെ ടീമിലെത്തിക്കാന്‍ ബെംഗളൂരു എഫ്.സി. ശ്രമം തുടങ്ങി. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍നിന്ന് കരകയറാനാണ് പരിചയസമ്പത്തുള്ള ഇന്ത്യന്‍ താരങ്ങളെ ടീമിലെത്തിക്കുന്നത്.

എഫ്.സി ഗോവ മധ്യനിരതാരങ്ങളായ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിനും ഗ്ലെന്‍ മാര്‍ട്ടിന്‍സിനും പുതിയ കരാര്‍ നല്‍കി. മൂന്നുവര്‍ഷത്തേക്കാണ് ഇരുവരുമായി കരാറിലെത്തിയത്. കഴിഞ്ഞ ജനുവരി വിന്‍ഡോയിലാണ് മാര്‍ട്ടിന്‍സ് ടീമിലെത്തിയത്.

Content Highlights: ATK Mohun Bagan pay record transfer fee to sign Liston Colaco