കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും പഴക്കമേറിയ ക്ലബ്ബ് മോഹന്‍ ബഗാനും സൂപ്പര്‍ ലീഗ് ക്ലബ്ബ് എ.ടി.കെ. കൊല്‍ക്കത്തയും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. ഇരു ക്ലബ്ബുകളും ഒന്നായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ.ടി.കെ-മോഹന്‍ബഗാന്‍ എന്നാണ് പുതിയ പേര്. ബഗാന്റെ ചരിത്രപ്രസിദ്ധമായ പച്ചയും മെറൂണും ജേഴ്സിയും ലോഗോയിലെ പായ്ക്കപ്പലും നിലനിര്‍ത്തി. ക്ലബ്ബ് ഡയറക്ടര്‍മാരുടെ ആദ്യയോഗവും ശനിയാഴ്ച നടന്നു.

കൊല്‍ക്കത്തയില്‍ ലോകോത്തര നിലവാരമുള്ള ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുമെന്ന് ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സിഐ.) പ്രസിഡന്റ് സൗരവ് ഗാംഗുലി വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു. ക്ലബ്ബ് സഹ ഉടമ കൂടിയാണ് ഗാംഗുലി.

കഴിഞ്ഞ ജനുവരിയിലാണ് ക്ലബ്ബുകള്‍ ലയിക്കുന്നതായി അറിയിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ.ടി.കെ.യും ഐ ലീഗില്‍ ബഗാനും ചാമ്പ്യന്‍മാരായി. സഞ്ജീവ് ഗോയങ്കയാണ് മുഖ്യ ഉടമ. ഗാംഗുലിക്ക് പുറമെ ഉത്സവ് പരേഖ്, ഗൗതം റോയ്, സഞ്ജീവ് മെഹ്റ, ബഗാന്‍ പ്രതിനിധികളായ ശ്രീജോയ് ബോസ്, ദേബാശിഷ് ദത്ത എന്നിവരും ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.

Content Highlights: ATK-Mohun Bagan merger completed