ക്വാര്‍ഷി: എ.എഫ്.സി കപ്പ് ഇന്റര്‍ സോണല്‍ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ക്ലബ് എ.ടി.കെ മോഹന്‍ ബഗാന് നാണംകെട്ട തോല്‍വി. ഉസ്‌ബെക്കിസ്താന്‍ ക്ലബം നസാഫാണ് മോഹന്‍ ബഗാനെ തകര്‍ത്തത്. എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് നസാഫിന്റെ വിജയം.

നസാഫിനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹുസൈന്‍ നോര്‍ഷയേവ് ഹാട്രിക്ക് നേടി. ആദ്യ പകുതിയില്‍ അഞ്ച് ഗോളുകളും രണ്ടാം പകുതിയില്‍ ഒരു ഗോളും ടീം വഴങ്ങി. റോയ് കൃഷ്ണ, വില്യംസ്, മന്‍പ്രീത് സിങ്, പ്രീതം കോട്ടാല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും മോഹന്‍ബഗാന്‍ തോല്‍വി വഴങ്ങി.

നാലാം മിനിട്ടില്‍ പ്രീതം കോട്ടാല്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ നസാഫ് ലീഡെടുത്തു. പിന്നാലെ 18, 21, 31 മിനിട്ടുകളില്‍ ഗോള്‍ നേടിക്കൊണ്ട് നോര്‍ഷയേവ് ഹാട്രിക്ക് തികച്ചു. ഇതോടെ മോഹന്‍ ബഗാന്‍ തകര്‍ന്നു. ഒയ്‌ബെക്ക് ബോസോറോവും ഡോണിയെര്‍ നര്‍സുല്ലയേവും നസാഫിന് വേണ്ടി സ്‌കോര്‍ ചെയ്തു. 

ഈ വിജയത്തോടെ നസാഫ് ഫൈനലില്‍ പ്രവേശിച്ചു. ഇന്റര്‍ സോണല്‍ ഫൈനലില്‍ ഹോങ് കോങ് ക്ലബ്ബായ ലീ മാന്‍ എഫ്.സിയാണ് നസാഫിന്റെ എതിലാളി.

Content Highlights: ATK Mohun Bagan lost to Nasaf in AFC Cup Inter Zonal Semi Final