മാലി: പൊരുതിക്കളിച്ച ബഷുന്ധര കിങ്‌സിനെ സമനിലയില്‍ തളച്ച് എ.ടി.കെ. മോഹന്‍ബഗാന്‍ എ.എഫ്.സി. കപ്പ് ഫുട്‌ബോളിന്റെ ഇന്റര്‍സോണ്‍ പ്ലേ ഓഫ് സെമിഫൈനലില്‍ കടന്നു. 1-1 നാണ് ബംഗ്ലാദേശ് ക്ലബ്ബുമായി കൊല്‍ക്കത്ത ടീം സമനിലയില്‍ പിരിഞ്ഞത്. 

ബഗാനായി ഡേവിഡ് വില്യംസും (62) ബഷുന്ധരയ്ക്കായി ജോനാഥന്‍ സില്‍വേര ഫെര്‍ണാണ്ടസും (28) ഗോള്‍ നേടി. സെപ്റ്റംബര്‍ 22ന് സെമിഫൈനല്‍ പ്ലേ ഓഫ് നടക്കും.

ഒരുഗോളിന് പിന്നില്‍നിന്ന ശേഷമാണ് ബഗാന്‍ പൊരുതി സമനില പിടിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ സുഷാന്റോ ത്രിപുര ചുവപ്പുകാര്‍ഡ് കണ്ടതോടെ ബംഗ്ലാദേശ് ക്ലബ്ബ് പത്ത് പേരായി ചുരുങ്ങിയിരുന്നു. 

മൂന്ന് കളിയില്‍നിന്ന് ഏഴ് പോയന്റുമായി ഗ്രൂപ്പ് ഡി യില്‍ ചാമ്പ്യന്‍മാരായാണ് ബഗാന്‍ മുന്നേറിയത്. ബഷുന്ധരയ്ക്ക് അഞ്ച് പോയന്റാണുള്ളത്. തോല്‍ക്കാതിരുന്നാല്‍ മുന്നേറാമെന്നതിനാല്‍ ബഗാന്‍ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ആദ്യപകുതിയുടെ 28-ാം മിനിറ്റില്‍ ബഷുന്ധര മുന്നില്‍ക്കയറിയതോടെയാണ് ബഗാന്‍ ആക്രമണം കനപ്പിച്ചത്. രണ്ടാം പകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ബംഗ്ലാദേശ് ക്ലബ്ബ് വിട്ടുകൊടുക്കാതെ പൊരുതി. 

എന്നാല്‍ ലിസ്റ്റണ്‍ കൊളാസോ നല്‍കിയ മനോഹരമായ പാസ്സില്‍ ഡേവിഡ് വില്യംസ് ഗോള്‍ കണ്ടെത്തിയതോടെ ബഗാന് സമനില കൈവന്നു. കളിയുടെ അവസാനഘട്ടത്തില്‍ ബഷുന്ധര കടുത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും ബഗാന്‍ പ്രതിരോധം പിടിച്ചുനിന്നു.

Content Highlights: ATK Mohun Bagan enters into the knock out stage of AFC Cup