ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ കടന്നതോടെ അപൂര്‍വനേട്ടത്തിനരികിലാണ് എ.ടി.കെ. ക്ലബ്ബ്. ഒപ്പം ഐ ലീഗ് ക്ലബ്ബായ മോഹന്‍ ബഗാനും. ആഗോള ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ഒരു നേട്ടം ഇരു ക്ലബ്ബുകള്‍ക്കും മുന്നിലുണ്ട്. കളിക്കുന്ന ലീഗുകളില്‍ ചാമ്പ്യന്മാരായ ശേഷം ലയിച്ച് ഒറ്റ ക്ലബ്ബായി മാറുകയെന്ന കൗതുകവും ചരിത്രപരവുമായ നേട്ടം.

ഐ ലീഗില്‍ കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാന്‍ ഏറക്കുറെ കിരീടം ഉറപ്പിച്ചുകഴിഞ്ഞു. അടുത്ത കളിയില്‍ ജയിച്ചാല്‍തന്നെ കിരീടം ഉറപ്പാകും. കൊല്‍ക്കത്ത ക്ലബ്ബ് എ.ടി.കെ. ആകട്ടെ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു. മൂന്നാം കിരീടം ലക്ഷ്യംവെക്കുന്ന ടീമിന് എതിരാളി ചെന്നൈയിന്‍ എഫ്.സി. ഇരു ടീമുകളും ലയിച്ച് അടുത്ത സീസണില്‍ ഒന്നാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിനാണ് ലയനം.

ക്ലബ്ബുകളുടെ ലയനം ഫുട്ബോള്‍ ചരിത്രത്തില്‍ പുത്തരിയല്ല. ഇംഗ്ലണ്ടിലെ ന്യൂകാസില്‍ വെസ്റ്റ് എന്‍ഡും ഈസ്റ്റ് എന്‍ഡും ലയിച്ചാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുണൈറ്റഡ് രൂപമെടുത്തത്. ഫ്രഞ്ച് കരുത്തരായ പി.എസ്.ജി. മുമ്പ് സ്റ്റഡ് സെയ്ന്റ് ജെര്‍മെയ്നും പാരീസ് എഫ്.സി.യുമായി യോജിച്ചുണ്ടായതാണ്. ഇങ്ങനെ പല പ്രമുഖ ക്ലബ്ബുകളും കൂടിച്ചേര്‍ന്ന് ഒന്നായിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബോളില്‍ ഇത്തരം കഥകള്‍ കുറവാണ്. എന്നാല്‍ നടപ്പുസീസണില്‍ കിരീടം നേടുന്ന രണ്ട് ടീമുകളുടെ ലയനകഥ കേട്ടിട്ടില്ലെന്നുതന്നെ പറയേണ്ടിവരും.

എ.ടി.കെ. ഉടമസ്ഥര്‍ ബഗാന്റെ 80 ശതമാനം ഓഹരി വാങ്ങിയതോടെയാണ് ലയനം യാഥാര്‍ഥ്യമാകുന്നത്. ടീം സൂപ്പര്‍ ലീഗില്‍ കളിക്കും. ഐലീഗില്‍ മുമ്പ് ഒരുതവണ ചാമ്പ്യന്മാരായ ടീമാണ് ബഗാന്‍. ലീഗില്‍ അഞ്ച് കളി ബാക്കിനില്‍ക്കെ 13 പോയന്റ് ലീഡുണ്ട് ഇപ്പോള്‍. അടുത്ത കളിയില്‍ ബഗാന്‍ തോല്‍ക്കാതിരിക്കുകയും തൊട്ടടുത്ത എതിരാളികള്‍ തോല്‍ക്കുകയും ചെയ്താല്‍ നാല് മത്സരം ബാക്കിനില്‍ക്കെതന്നെ കൊല്‍ക്കത്ത ടീമിന് കപ്പുറപ്പിക്കാം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിലും മൂന്നാം സീസണിലും കിരീടം നേടിയ ടീമാണ് എ.ടി.കെ. നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി.യോട് ആദ്യപാദത്തില്‍ തോല്‍ക്കുകയും രണ്ടാം പാദത്തില്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കുകയും ചെയ്ത ശേഷമാണ് എ.ടി.കെ. മികച്ച മാര്‍ജിനില്‍ ജയിച്ച് ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. സീസണില്‍ തുടക്കംതൊട്ടേ സ്ഥിരത പുലര്‍ത്തുന്ന ടീമാണ് എ.ടി.കെ. ഫൈനലില്‍ ചെന്നൈയിന്‍ എഫ്.സി.യായതുകൊണ്ട് പ്രവചനങ്ങള്‍ അപ്രസക്തം.

സ്പാനിഷ് പരിശീലകനായ അന്റോണിയോ ഹെബാസ് എ.ടി.കെ.യെയും കിബു വിക്കുന ബഗാനെയും പരിശീലിപ്പിക്കുന്നു. രണ്ട് ടീമുകളും കിരീടത്തോടെ ഒന്നായാല്‍ അടുത്ത സീസണില്‍ ഏത് പരിശീലകനാകും ടീമിനൊപ്പമെന്ന ചോദ്യവും ബാക്കിയുണ്ട്.

Content Highlights: ATK and mohun bagan near the rare achievement