മഡ്രിഡ്: അപൂര്‍വനേട്ടത്തോടെ അത്‌ലറ്റിക് ബില്‍ബാവോ സ്പാനിഷ് കിങ്‌സ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ലെവന്റെയെ (2-1) തോല്‍പ്പിച്ചു. റൂയി ഗാര്‍ഷ്യ (പെനാല്‍ട്ടി 30), അലസാന്‍ഡ്രോ റെമിറോ (112) എന്നിവര്‍ അത്‌ലറ്റിക് ക്ലബ്ബിനായി സ്‌കോര്‍ ചെയ്തു. റോജര്‍ മാര്‍ട്ടി (17) ലെവന്റെയുടെ ഗോള്‍ നേടി.

നിശ്ചിതസമയത്ത് ഇരുടീമുകളും (1-1) തുല്യതയിലായിരുന്നു. ആദ്യപാദത്തിലും 1-1 ന് തുല്യതയിലായിരുന്നു. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു. 112ാം മിനിറ്റിലെ ഗോളോടെ ബില്‍ബാവോ ജയമുറപ്പിച്ചു. കിരീടപോരാട്ടത്തില്‍ എഫ്.സി. ബാഴ്‌സലോണയാണ് എതിരാളി.

ഫൈനലിലെത്തിയതോടെ, ഒരേ മാസം കിങ്‌സ് കപ്പിന്റെ രണ്ട് ഫൈനലാണ് ടീം കളിക്കാന്‍ പോകുന്നത്. കഴിഞ്ഞ സീസണിലും ബില്‍ബാവോ ഫൈനലിലെത്തി. കോവിഡ് കാരണം നീട്ടിവെച്ച ഫൈനല്‍ ഏപ്രില്‍ മൂന്നിന് നടക്കും. റയല്‍ സോസിഡാഡാണ് ഇതിലെ എതിരാളി. ഇത്തവണത്തെ ഫൈനലില്‍ ഏപ്രില്‍ 17 ന് ബാഴ്‌സയെ നേരിടും.

Content Highlights: Athletic Bilbao enter into the finals of Spanish kings cup