കൊറോണവൈറസില്‍ ചൈന ഞെട്ടിത്തരിച്ചുനില്‍ക്കുന്ന സമയം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വൈറസ് പടരുന്നു. ഇറ്റലിയിലും വൈറസ് എത്തി. ചൈനയുടെ പാഠം ഉള്‍ക്കൊണ്ട് കര്‍ശനമായ നടപടികള്‍ വേണമെന്ന് രാജ്യങ്ങള്‍ നിശ്ചയിക്കുന്നു. കായികമത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ പലരും തീരുമാനിക്കുന്നു. എന്നാല്‍, അതിന് വിരുദ്ധമായ ഒന്ന് ഇറ്റലിയില്‍ സംഭവിച്ചു.
2020 ഫെബ്രുവരി 19, സാന്‍സിറോ സ്റ്റേഡിയം, ഇറ്റലി
*ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയും സ്പാനിഷ് ക്ലബ്ബ് വലന്‍സിയയും യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഏറ്റുമുട്ടുന്നു. സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയത് 44000-ത്തോളം പേര്‍.
*അതുവരെ ഇറ്റലിയില്‍ കൊറോണ മരണം പൂജ്യം. മത്സരം കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോള്‍ മരണസംഖ്യ 3000 കടന്നു.
*വൈറസ് വ്യാപനത്തെ ത്തുടര്‍ന്ന് ഇറ്റലി ജനുവരി 31-നു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു.
*അതുവരെ സ്‌പെയിനില്‍ മരണം ഒന്ന്. മൂന്നാഴ്ച പിന്നിടുമ്പോള്‍ സ്‌പെയിനിലെ മരണം ആയിരത്തോടടുത്തു.
*ഇതുവരെ ഇറ്റലിയില്‍ മരിച്ചത് 7503 പേര്‍. സ്‌പെയിനില്‍ മരിച്ചത് 3647 പേര്‍.
ഇറ്റലിയിലെയും സ്‌പെയിനിലെയും വൈറസ് വ്യാപനത്തില്‍ അറ്റ്ലാന്റ - വലന്‍സിയ മത്സരത്തിന്റെ പങ്കെന്താണ്. ആ മത്സരം ഒരു 'ജൈവബോംബ്' ആയിരുന്നു എന്നാണ് ബെര്‍ഗാമോ പ്രവിശ്യയിലെ മേയര്‍ ജിയോര്‍ജിയോ ഗോറി കഴിഞ്ഞദിവസം പറഞ്ഞത്.
അതോടെയാണ് രണ്ട് രാജ്യങ്ങളിലും വലിയതോതില്‍ രോഗം വ്യാപിച്ചത്, ഇന്ന് പിടിച്ചാല്‍കിട്ടാത്ത അവസ്ഥയില്‍ എത്തിയത്. ഒരു പക്ഷേ, ആ മത്സരം നടന്നില്ലായിരുന്നെങ്കിലും വൈറസ് ഇത്രയും വ്യാപിക്കുമായിരുന്നു. എങ്കിലും, ലോകം പകച്ചുനില്‍ക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ആ സാഹസത്തിന് മുതിരണമായിരുന്നോ എന്നാണ് ചോദ്യം.
ബെര്‍ഗാമോ
വടക്കന്‍ ഇറ്റലിയില്‍ മിലാനില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ബെര്‍ഗാമോ. ഇവിടമാണ് അറ്റ്ലാന്റയുടെ ആസ്ഥാനം. ജനസംഖ്യ ഒന്നേകാല്‍ ലക്ഷത്തോളം. ഇവിടെനിന്നാണ് അറ്റ്ലാന്റ ആരാധകര്‍ സാന്‍സിറോയിലേക്കും തിരിച്ചും ആഘോഷപൂര്‍വം യാത്രചെയ്തത്.
ആവേശകരമായ മത്സരത്തിലായിരുന്നു അറ്റ്ലാന്റയുടെ വിജയം. അതുകൊണ്ട് ആഘോഷം അതിരുവിട്ടു. അറ്റ്ലാന്റ- സാന്‍സിറോ ദൂരം 59 കിലോമീറ്റര്‍. ഇന്ന് ഇറ്റലിയില്‍ വൈറസ് ഏറ്റവും നാശം വിതച്ചത് ബെര്‍ഗാമോയിലാണ്. അവിടെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു.
ഇത്രയും വിചാരിച്ചില്ല
മത്സരം നടക്കുമ്പോള്‍ സ്ഥിതി ഇത്രയും ഗുരുതരമല്ലായിരുന്നു എന്ന വാദമാണ് ചിലര്‍ മുന്നോട്ടുവെക്കുന്നത്. അതുവരെ ഇറ്റലിയില്‍ വൈറസ് മരണങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍, ഈ വാദം ശരിയെന്ന് പറയാനാവില്ല. മത്സരത്തിന് 20 ദിവസം മുമ്പേ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യം അപകടത്തിലായതു കൊണ്ടാണല്ലോ അങ്ങനെ വേണ്ടിവന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തിയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകുമായിരുന്നില്ല.
ബലിയാടായി ഫുട്ബോള്‍
ലോകത്തെ ഏറ്റവും വലിയ കായികവിനോദമാണ് ഫുട്ബോള്‍. കണക്കില്ലാത്ത പണമാണ് അവിടെ മാറിമറിയുന്നത്. ഒരു വന്‍ മത്സരം മാറ്റിവെച്ചാല്‍ നഷ്ടമാകുന്നത് കോടികള്‍. അതുകൊണ്ട് മത്സരം സംരക്ഷിക്കാന്‍ സംഘാടകരില്‍നിന്ന് പരമാവധി ശ്രമമുണ്ടാവും.
വൈറസ് കാലത്ത് അത് സംഭവിച്ചു. ഫുട്ബോള്‍ താരങ്ങളെ ഗിനിപ്പന്നികളെപ്പോലെയാണ് കാണുന്നതെന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണി ആഞ്ഞടിക്കുകയും ചെയ്തു. ഒരു നിവൃത്തിയും ഇല്ലെന്ന് വന്നതോടെയാണ് മത്സരങ്ങള്‍ മാറ്റിവെക്കപ്പെട്ടത്. പക്ഷേ, അതിനിടെ, സംഭവിക്കേണ്ടത് സംഭവിച്ചിരുന്നു.
ഇറ്റലി
യഥാര്‍ഥത്തില്‍ ആ മത്സരം നടക്കേണ്ടിയിരുന്നത് ബെര്‍ഗാമോയില്‍ അറ്റ്ലാന്റയുടെ സ്റ്റേഡിയത്തിലാണ്. അവിടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് മിലാനിലെ സാന്‍സിറോയിലേക്ക് മത്സരം മാറ്റിയത്. സാന്‍സിറോ മിലാന്‍ ടീമുകളുടെ ആസ്ഥാനമാണ്. ബെര്‍ഗാമോ പ്രദേശത്ത് അപ്പോള്‍ വൈറസ് മാരകമായി പടര്‍ന്നിരുന്നു. അറ്റ്ലാന്റയുടെ നാല്‍പ്പതിനായിരത്തോളം ആരാധകര്‍ മിലാനിലേക്കും തിരിച്ചും യാത്ര ചെയ്തു. അവര്‍ സ്റ്റേഡിയത്തിലും പുറത്തും അത്രയും ഇടപഴകി. അവരില്‍ ഏതാണ്ടെല്ലാവരും രോഗബാധിതരായി. അറ്റ്ലാന്റ താരങ്ങള്‍ക്കും രോഗം കിട്ടി.
സ്‌പെയിന്‍
വലന്‍സിയ ടീം സ്‌പെയിനില്‍ മടങ്ങിയെത്തി. ചാമ്പ്യന്‍സ് ലീഗ് മത്സരം അവര്‍ പരാജയപ്പെട്ടിരുന്നു. പക്ഷേ, യഥാര്‍ഥത്തില്‍ തോല്‍പ്പിച്ചത് വൈറസാണ്. താരങ്ങള്‍ക്ക് ഒന്നൊന്നായി രോഗം പിടിപെട്ടു. കളിക്കാരും പരിശീലകരും ഉള്‍പ്പെടെ, സംഘത്തിലെ 35 ശതമാനം പേര്‍ക്കും രോഗബാധ. ഒരു വന്‍ടീം ഒന്നടങ്കം ഐസൊലേഷനിലേക്ക്. അവരുടെ അവസ്ഥ എന്തെന്ന് ആര്‍ക്കറിയാം.
Content Highlights: Atalanta Valencia Champions League clash accelerated coronavirus spread report