ബിര്‍മിങ്ങാം: ബാഴ്‌സലോണയുടെ ബ്രസീല്‍ സൂപ്പര്‍താരം ഫിലിപ്പെ കുടീന്യോയെ സ്വന്തമാക്കി ആസ്റ്റണ്‍ വില്ല. വായ്പാ അടിസ്ഥാനത്തിലാണ് കുടീന്യോ ആസ്റ്റണ്‍ വില്ലയിലെത്തിയത്. 

നടപ്പുസീസണ്‍ കഴിയുന്നതുവരെ കുടീന്യോ ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി കളിക്കും. അടുത്ത 48 മണിക്കൂറിനകം ബ്രസീല്‍ താരം ഇംഗ്ലണ്ടിലെത്തും. ശാരീരിക പരിശോധനയ്ക്ക് ശേഷം പരിശീലനത്തില്‍ പങ്കെടുക്കും. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡാണ് ആസ്റ്റണ്‍ വില്ലയുടെ പരിശീലകന്‍. ജാക്ക് ഗ്രീലിഷിന്റെ വിടവ് കുടീന്യോയിലൂടെ നികത്താനാകുമെന്നാണ് ആസ്റ്റണ്‍ വില്ല കരുതുന്നത്. 

ജെറാര്‍ഡുമായുള്ള അടുപ്പം കുടീന്യോയയ്ക്ക് ഗുണം ചെയ്യും. ലിവര്‍പൂളിനുവേണ്ടി രണ്ടര വര്‍ഷത്തോളം ഇരുവരും ഒന്നിച്ചുകളിച്ചിട്ടുണ്ട്. 2018-ലാണ് കുടീന്യോ ലിവര്‍പൂള്‍ വിട്ട് ബാഴ്‌സയിലെത്തിയത്. പക്ഷേ ബാഴ്‌സയില്‍ താളം കണ്ടെത്താന്‍ പാടുപെട്ട കുടീന്യോ പിന്നീട് ബയേണ്‍ മ്യൂണിക്കിനുവേണ്ടി വായ്പാ അടിസ്ഥാനത്തില്‍ കളിച്ചു. 

പുതിയ സീസണില്‍ വീണ്ടും ടീമിലെത്തിയെങ്കിലും ആദ്യ ഇലവനില്‍ പലപ്പോഴും സ്ഥാനം ലഭിച്ചില്ല. ഇതോടെയാണ് കുടീന്യോ വായ്പാ അടിസ്ഥാനത്തില്‍ ആസ്റ്റണ്‍ വില്ലയിലെത്തിയത്. 

Content Highlights: Aston Villa sign Barcelona midfielder Philippe Coutinho on loan until the end of the season