പാരിസ്: കഴിഞ്ഞ ജൂലായില്‍ തന്നെ ക്ലബ്ബ് വിടാനുള്ള താത്പര്യം താന്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി നേതൃത്വത്തെ അറിയിച്ചിരുന്നതായി കിലിയന്‍ എംബാപ്പെ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ക്ലബ്ബിന് തന്റെ ട്രാന്‍സ്ഫര്‍ വഴി പണം നേടാമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ആഴ്ചയാണ് താന്‍ ക്ലബ് വിടാന്‍ ആവശ്യപ്പെട്ടതെന്ന പി.എസ്.ജി ഡയറക്ടര്‍ ലിയനാര്‍ഡോയുടെ വാദവും താരം തള്ളി.

എംബാപ്പെയ്ക്ക് വേണ്ടി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് നിരവധി ഓഫറുകളാണ് പി.എസ്.ജിക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ഇതെല്ലാം ഫ്രഞ്ച് ക്ലബ്ബ് നിരസിക്കുകയായിരുന്നു. ഇതോടെ അടുത്ത ജൂണില്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെ ഈ സീസണ്‍ അവസാനത്തോടെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടും. 

അതേസമയം കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പി.എസ്.ജി നല്‍കിയ ആറോ ഏഴോ പ്രൊപ്പോസലുകള്‍ താന്‍ നിരസിച്ചുവെന്ന വാര്‍ത്തകളും എംബാപ്പെ തള്ളി. 

''കരാര്‍ നീട്ടുന്നില്ലെന്ന് തീരുമാനമെടുത്തതിനു പിന്നാലെ തന്നെ ക്ലബ്ബ് വിടണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്. നിലവാരമുള്ള ഒരു പകരക്കാരനെ കണ്ടെത്തുന്നതിന് ക്ലബ്ബിന് തന്റെ ട്രാന്‍സ്ഫര്‍ ഫീ ഉപയോഗപ്പെടുമെന്ന് കരുതി. എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കിയ ക്ലബ്ബാണിത്. ഇവിടെ ചെലവഴിച്ച നാലു വര്‍വും ഞാന്‍ സന്തോഷവാനായിരുന്നു.'' - ആര്‍.എം.സി സ്‌പോര്‍ട് എന്ന മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ എംബാപ്പെ പറഞ്ഞു.

Content Highlights: Asked to leave PSG in July says Kylian Mbappe