ബെയ്ജിങ്: ചൈനയിലെ സുഷോവില്‍ ഈ ആഴ്ച നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ യു.എ.ഇയിലേക്ക് മാറ്റിയേക്കും. കോവിഡുമായി ബന്ധപ്പെട്ട് ചൈനയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണിത്. 

മാലദ്വീപിലും സിറിയയിലും കോവിഡ് പടര്‍ന്നുപിടിക്കുന്നതിനാല്‍ മത്സരങ്ങള്‍ക്കായി ചൈനയിലെത്തുന്ന ദേശീയ ടീമുകള്‍ക്ക് കര്‍ശന ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് കാട്ടി തിങ്കളാഴ്ച ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇങ്ങനെവന്നാല്‍ നേരത്തെ നിശ്ചയിച്ച പോലെ മത്സരങ്ങള്‍ നടത്താന്‍ സാധിക്കാതെ വരും. 

ഇതിനു പിന്നാലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മത്സരങ്ങള്‍ ചൈനയില്‍ നിന്ന് മാറ്റുന്നതായി പ്രസ്താവന ഇറക്കി. ഗ്രൂപ്പ് എയിലെ ബാക്കിയുള്ള മത്സരങ്ങള്‍ ചൈനയില്‍ നിന്ന് ഒരു നിഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നുവെന്നും വേദി പിന്നീട് അറിയിക്കുമെന്നുമാണ് പ്രസ്താവനയിലുള്ളത്. 

അതേസമയം എ.എഫ്.സിയും ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റുന്നതായുള്ള തീരുമാനമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Asian qualifiers for 2022 FIFA World Cup to be moved from China to Dubai