ashique kuruniyanലപ്പുറത്തുകാരന്‍ ആഷിഖ് കുരുണിയന്‍ 2017-നെ സ്വീകരിക്കാനൊരുങ്ങുന്നത് വലിയൊരു സ്വപ്നം കണ്ടുകൊണ്ടാണ്. ജനുവരി എട്ടിന് ലാലിഗയില്‍ ബാഴ്സലോണ വിയ്യാറയലിനെ നേരിടുമ്പോള്‍ ഗാലറിയിലിരുന്ന് മെസ്സിയുടെ കളികാണാന്‍ കഴിയുന്നതിന്റെ നിറമുള്ള സ്വപ്നം. 

സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന്റെ മൂന്നാം ഡിവിഷന്‍ ടീം നായകനാണെങ്കിലും മെസ്സി കളിക്കുമ്പോള്‍ ആഷിഖ് സാധാരണ ഫുട്ബോള്‍ പ്രേമിയാകും. ബാഴ്സയ്ക്കെതിരെ കളിക്കുന്നത് ആഗ്രഹിക്കാന്‍ കഴിയില്ലെങ്കിലും ലോകഫുട്ബോളിനെ കൈയിലിട്ട് അമ്മാനമാടുന്ന ഒരുപറ്റം താരങ്ങളുടെ മത്സരം നേരിട്ട് കാണാനാകുമെന്നതിന്റെ ആവേശത്തോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്.

സ്പാനിഷ് ലീഗിലെ വിയ്യാറയല്‍ താരം ആഷിഖ് കുരുണിയന്‍ നേട്ടങ്ങളുടെ ഒരു ഡസന്‍ ഗോള്‍ നേടിയ വര്‍ഷമായിരുന്നു 2016. വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം അംഗമായി. പുണെ എഫ്.സി. അക്കാദമിയില്‍ സെലക്ഷന്‍ ലഭിച്ചു. സൂപ്പര്‍ ലീഗ് ക്ലബ്ബ് പുണെ സിറ്റി എഫ്.സിയില്‍ അംഗത്വം. ഒടുവില്‍ ലാലിഗ സ്പാനിഷ് ലീഗിലെ പ്രമുഖ ടീം വിയ്യാറയലിന്റെ മൂന്നാം ഡിവിഷന്‍ ക്ലബ്ബില്‍ കളിക്കാന്‍ അവസരം. അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ നൈജീരിയന്‍ ടീമായ റിവേഴ്സ് യുണൈറ്റഡ് എഫ്.സിക്കെതിരായ മത്സരത്തില്‍ വിയ്യാറയല്‍ സി-ടീമിന്റെ ക്യാപ്റ്റന്‍.

2017-ല്‍ സ്പെയിനില്‍ തന്റെ കരിയര്‍ ഒന്നുറപ്പിക്കണം. ഐ.എസ്.എല്‍. നാലാം സീസണില്‍ കളിക്കണം. ഗോളടിക്കണം. ഒപ്പം രാജ്യത്തെ പ്രതിനിധാനംചെയ്യണം -പുതുവര്‍ഷപ്രതീക്ഷകള്‍ ആഷിഖ് 'മാതൃഭൂമി'യോട് പങ്കുവെച്ചു.