സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫിഫ) പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കുപിന്നാലെ, യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ) അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റിനിയെയും ഫിഫാ സദാചാര സമിതി 90 ദിവത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബ്ലാറ്ററെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഫിഫ പ്രസിഡന്റിന്റെ താത്കാലിക ചുമതല ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍(കാഫ്) അധ്യക്ഷന്‍ ഇസ്സാ ഹയാത്തൂവിന് നല്‍കി. ഫിഫയുടെ സീനിയര്‍ വൈസ് പ്രസിഡന്റായി ഹയാത്തൂ സ്ഥാനമേറ്റു. പ്രസിഡന്റും സെക്രട്ടറി ജനറലുമടക്കമുള്ളവര്‍ അഴിമതിക്കേസ്സില്‍ സസ്‌പെന്‍ഷനിലായതോടെ ഫിഫ ഫലത്തില്‍ നാഥനില്ലാക്കളരിയായിരിക്കയാണ്.

90 ദിവസത്തേക്കാണ് ബ്ലാറ്ററെയും പ്ലാറ്റീനിയെയും ഫിഫ സദാചാര സമിതി സസ്‌പെന്‍ഡു ചെയ്തിട്ടുള്ളത്. അഴിമതിക്കേസ്സില്‍ ബ്ലാറ്റര്‍ക്കെതിരെ സ്വിസ് അറ്റോര്‍ണി ജനറല്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ നിര്‍ദേശം നല്കിയ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ ഫിഫയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ബ്ലാറ്റര്‍ ഇടപെടരുതെന്ന് ബ്ലാറ്റര്‍ക്ക് മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

കാമറൂണില്‍ നിന്നുള്ള 69-കാരനായ ഹയാത്തൂവിന് ഫിഫയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അത്ര മികച്ച റെക്കോഡൊന്നുമല്ല ഉള്ളത്. 2002-ല്‍ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ബ്ലാറ്ററോട് തോറ്റു. 2011-ല്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്ട് ആന്‍ഡ് ലിഷര്‍ (ഐ.എസ്.എല്‍) കമ്പനിയില്‍ നിന്ന് പണം തട്ടിയെന്ന കുറ്റത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ശാസന കിട്ടിയിട്ടുണ്ട് ഹയാത്തൂവിന്.

ഫിഫയ്ക്ക് നഷ്ടമുണ്ടാക്കുന്ന തരത്തില്‍ ഫുട്‌ബോള്‍ സംപ്രേഷണ കരാര്‍ അനുവദിച്ചെന്നും പ്ലാറ്റീനിക്ക് അനവസരത്തില്‍ പ്രതിഫലത്തുക കൈമാറിയെന്നുമുള്ള കുറ്റങ്ങളിലാണ് ബ്ലാറ്റര്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. മെയില്‍ ഫിഫയിലെ ഏഴ് ഉന്നതര്‍ അഴിമതിക്കേസില്‍ പിടിയിലായിരുന്നു. അവര്‍ക്കെതിരായ അന്വേഷണം തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഫിഫ തലപ്പത്തെ നടപടികള്‍.