മാഡ്രിഡ്: യൂറോപ്യന്‍ കിരീടത്തോടെ വിട വാങ്ങമെന്ന പരിശീലകന്‍ വെങ്ങറുടെ ആഗ്രഹത്തിന് നിരാശ മാത്രം സമ്മാനിച്ച് ആഴ്‌സണല്‍ യൂറോപ്പ ലീഗില്‍ നിന്ന് പുറത്ത്. രണ്ടാം പാദ സെമിഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടതോടെയാണ് ആഴ്‌സണലിന്റെ പ്രതീക്ഷകള്‍ അവസാനിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് ഇരുപാദങ്ങളിലുമായി 2-1നാണ് ഫൈനലിലേക്ക് മുന്നേറിയത്. 

ആദ്യ പാദത്തില്‍ നേടിയ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ കളിക്കാനിറങ്ങിയ അത്‌ലറ്റികോയ്ക്ക് ഫൈനലിലെത്താന്‍ ഒരു ഗോള്‍രഹിത സമനില മതിയായിരുന്നു. സ്വന്തം തട്ടകത്തില്‍ പ്രതിരോധ കളി പുറത്തെടുത്ത അത്‌ലറ്റിക്കോ ആഴ്‌സണലിനെ ഗോളടിക്കാന്‍ സമ്മതിച്ചില്ല. 12-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലോറന്റ് കൊഷേല്‍നി പരിക്കേറ്റ് പുറത്തായതും ആഴ്‌സണലിന് തിരിച്ചടിയായി.

45-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് അത്‌ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്. ഗ്രീസ്മാന്റെ അസിസ്റ്റില്‍ നിന്നായിരുന്നു കോസ്റ്റയുടെ ഗോള്‍. ലിയോണില്‍ മെയ് 17ന് നടക്കുന്ന ഫൈനലില്‍ മാഴ്‌സെലയാണ് അത്‌ലറ്റിക്കോയുടെ എതിരാളികള്‍. തോല്‍വിയോടെ അടുത്ത സീസണ്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയ്ക്കായുള്ള ആഴ്‌സണലിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.

Content Highlights: Arsenal with Europa League heartbreak Lost To Atletico Madrid