ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ആഴ്‌സണലിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂള്‍ തകര്‍ത്തത്. മുഹമ്മദ് സലയുടെ വകയായിരുന്നു രണ്ട് ഗോളുകള്‍. 49-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ആദ്യത്തേത്. ബ്രസീലിയന്‍ താരം ഡേവിഡ് ലൂയിസ് ജെഴ്‌സി പിടിച്ചുവലിച്ചതിന് കിട്ടിയ പ്രതിഫലമായിരുന്നു പെനാല്‍റ്റി.

റഫറി ആന്റണി ടെയ്‌ലര്‍ പെനാല്‍റ്റി വിധിക്കുകയും മഞ്ഞ കാര്‍ഡ് സമ്മാനിക്കുകയും ചെയ്ത ഉടനെ ലൂയിസ് സലയുടെ കാതില്‍ എന്തോ വന്നു പറഞ്ഞാണ് പോയത്. അതെന്താണെന്ന് മത്സരശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് ലൂയിസ്. അത് പെനാല്‍റ്റി അനുവദിക്കാന്‍ മാത്രമുള്ള ഫൗളായിരുന്നില്ലെന്ന് മുഹമ്മദ് സല തന്നോട് സമ്മതിച്ചുവെന്നും ഡേവിഡ് ലൂയിസ് സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രണ്ടാമത്തെ ഗോളും പെനാല്‍റ്റിയും മത്സരത്തെ നശിപ്പിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. റഫറിയുടെ വിധി വന്ന ഉടനെ ഞാന്‍ സലയോട് ചോദിച്ചു:  ഞാന്‍ താങ്കളുടെ ജെഴ്‌സി പിടിച്ചു വലിക്കുകയോ ജെഴ്‌സിയില്‍ കൈവയ്ക്കുകയോ ചെയ്തിരുന്നെങ്കില്‍ അത് ഇങ്ങനെയാകുമായിരുന്നോ. അതിന്റെ ആഘാതം വ്യത്യസ്തമാകുമായിരുന്നില്ലെ. ഇക്കാര്യത്തില്‍ 'വാര്‍' വിഷയമകരമാണ്. അതിന് കരുത്ത് അളക്കാനാവില്ല. അതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നത്. എനിക്ക് അങ്ങനെ തോന്നിയില്ലെന്നാണ് സല തന്നെ പറഞ്ഞത്-അഭിമുഖത്തില്‍ ഡേവിഡ് ലൂയിസ് പറഞ്ഞു.

ആദ്യ ഗോള്‍ മാത്രമല്ല, സലയുടെ രണ്ടാമത്തെ ഗോളിനും വഴിവച്ചത് ഡേവിഡ് ലൂയിസിന്റെ പിഴവു തന്നെ. ഡേവിഡ് ലൂയിസ് നേരാംവണ്ണം മാര്‍ക്ക് ചെയ്യാത്തത് കൊണ്ടാണ് സലയ്ക്ക് 58-ാം മിനിറ്റില്‍ ഒന്നാന്തരം നീക്കത്തിലൂടെ വീണ്ടും വല ചലിപ്പിച്ച് ജയമുറപ്പിക്കാനായത്. ഈ നീക്കം തടയാതിരുന്നതിനും അഭിമുഖത്തില്‍ ഒരു ന്യായീകരണം നിരത്തിയിരുന്നു ലൂയിസ്. ഫൗള്‍ ചെയ്ത് ടീം പത്ത് പേരായി ചുരുങ്ങാതിരിക്കാനാണ് ഞാന്‍ കടുത്ത ടാക്ലിങ്ങിനൊന്നും മുതിരാതിരുന്നത്. മഞ്ഞ കാര്‍ഡ് കിട്ടിയശേഷം കരുതലോടെയാണ് ഞാന്‍ കളിച്ചത്-ലൂയിസ് പറഞ്ഞു.

Content Highlights: Arsenal's David Luiz explains what he said in conversation with Liverpool's Mohamed Salah in EPL