പാരിസ്: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ പത്തുപേരുമായി കളിച്ച ആഴ്ണലിന് ഞെട്ടുന്ന തോല്‍വി. ഫ്രഞ്ച് ടീം റെനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിനെ വീഴ്ത്തിയത്.

മൂന്നാം മിനിറ്റില്‍ അലക്‌സ് ഇവോബിയുടെ ഗോളില്‍ ആഴ്‌സണലാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍, സെന്റര്‍ ബാക്ക് സോക്രട്ടിസ് പാപാസ്താതൗപൗലോസ് ചുവപ്പ് കണ്ട് പുറത്തായതോടെ ആഴ്‌സണല്‍ പ്രതിരോധത്തിലായി. അടുത്ത മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങുകയും ചെയ്തു. ബെഞ്ചമിന്‍ ബൗറിഗ്യൂഡായിരുന്നു സ്‌കോറര്‍. അറുപത്തിയഞ്ചാം മിനിറ്റില്‍ മോണ്‍റിയല്‍ ഒരു സമനില ഗോള്‍ സമ്മാനിച്ചതോടെ റെനെ മുന്നിലെത്തി. എണ്‍പത്തിയെട്ടാം മിനിറ്റില്‍ സാര്‍ പട്ടിക തികച്ച് ക്വാര്‍ട്ടറിലേയ്ക്കുള്ള യാത്ര ഭദ്രമാക്കി.

മറ്റ് മത്സരങ്ങളില്‍ ചെല്‍സി ഡയനാമോ കീവിനെയും (3-0)  ഡയനാമോ സെഗ്‌രബ് (1-0) നപ്പോളി സാല്‍സ്ബര്‍ഗിനെയും (3-0) വലന്‍സിയ ക്രാസ്‌നോഡറിനെയും (2-1) വിയ്യറയല്‍ സെനിത്തിനെയും (3-1) തോല്‍പിച്ചപ്പോള്‍ സെവിയ്യയെ സ്ലാവിയ പ്രാഹ സമനിലയില്‍ തളച്ചു (2-2).

ഹോം ഗ്രൗണ്ടില്‍ ചെല്‍സിക്കുവേണ്ടി പെഡ്രോ, വില്ല്യന്‍, ഹഡ്‌സണ്‍ ഒഡോയ് എന്നിവരാണ് ലക്ഷ്യം കണ്ടത്.
 റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെതിരേ നപ്പോളിക്കുവേണ്ടി മിലിച്ച്, റൂയിസ്, ഓന്‍ഗ്യുന്‍ എന്നിവര്‍ ഗോള്‍ നേടി.

Content Highlights: Arsenal Renne Chelsea Europa League