മാറഡോണയുടെ ജഴ്സിയണിഞ്ഞ് നാപ്പോളി താരങ്ങൾ | Photo: twitter.com|sscnapoli
ലണ്ടന്‍: യൂറോപ്പ ലീഗില്‍ നാപ്പോളിയ്ക്കും ആഴ്‌സനലിനും വിജയം. നാപ്പോളി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റിയേക്കയെ പരാജയപ്പെടുത്തിയപ്പോള്‍ ആഴ്‌സനല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മോള്‍ഡെയെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ ദീര്‍ഘകാലം കളിച്ച ക്ലബ്ബാണ് നാപ്പോളി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ടീം അതീവ സങ്കടത്തിലായിരുന്നു. കളിക്കാരെല്ലാവരും മൗനാചരണത്തിന് ശേഷമാണ് പന്ത് തട്ടിയത്. ഏവരും മാറഡോണ 10 എന്ന ജഴ്‌സി ധരിച്ച് കളത്തിലിറങ്ങി. ടീമിനായി മാത്തേയോ പൊലിറ്റാനോയും ഹിര്‍വിങ് ലൊസാനോയും ഗോള്‍ കണ്ടെത്തി. ഈ വിജയത്തോടെ നാലുകളികളില്‍ നിന്നും 9 പോയന്റുകള്‍ നേടി ടീം ഒന്നാം സ്ഥാനത്തെത്തി. പ്രീ കാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു.
മോള്‍ഡെയ്‌ക്കെതിരേ മികച്ച പ്രകടനമാണ് ആഴ്‌സനല്‍ കാഴ്ചവെച്ചത്. ആഴ്‌സനല്‍ കോച്ച് ആര്‍ടെറ്റ ഈയിടെ റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച നിക്കോളാസ് പെപ്പെ മത്സരത്തില്‍ സ്‌കോര്‍ ചെയ്തു. റെയിസ് നെല്‍സണ്‍, ഫോര്‍ലാറിന്‍ ബലോഗണ്‍ എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്നും ആഴ്‌സനല്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനവും വിജയം സ്വന്തമാക്കി. എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ലുഡോഗോറെറ്റ്‌സിനെയാണ് ടോട്ടനം പരാജയപ്പെടുത്തിയത്. കാര്‍ലോസ് വിനീഷ്യസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ഹാരി വിങ്ക്‌സ്, ലൂക്കാസ് മൗറ എന്നിവരും ലക്ഷ്യം കണ്ടു.
Content Highlights: Arsenal qualifies to pre quarter emotional win for Napoli in Europa League
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..