ലണ്ടന്‍: കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സനല്‍, എ.സി.മിലാന്‍ എന്നീ ടീമുകള്‍ യൂറോപ്പ ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടു പാദങ്ങളിലായി നടന്ന മത്സരത്തില്‍ യുണൈറ്റഡ് റയല്‍ സോസിഡാഡിനെയും ആഴ്‌സനല്‍ ബെന്‍ഫിക്കയെയും എ.സി.മിലാന്‍ ക്രിവേന സ്വേസ്ഡയെയും മറികടന്നു. എന്നാല്‍ ഇംഗ്ലീഷ് വമ്പന്മാരായ ലെസ്റ്റര്‍ സിറ്റി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചുനടന്ന രണ്ടാം പാദ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചു. ആദ്യ പാദത്തില്‍ സോസിഡാഡിനെ യുണൈറ്റഡ് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് കീഴടക്കിയിരുന്നു. 

ആഴ്‌സനല്‍ രണ്ടാം പാദ മത്സരത്തില്‍ ബെന്‍ഫിക്കയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആഴ്‌സനലിനായി സൂപ്പര്‍താരം ഔബമയാങ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ടിയേര്‍നെ മൂന്നാം ഗോള്‍ നേടി. ബെന്‍ഫിക്കയ്ക്കായി ഡിയോഗോ ഗോണ്‍സാല്‍വസ്, റാഫ സില്‍വ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആദ്യ പാദത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനില നേടിയിരുന്നു.

ദുര്‍ബലരായ ക്രിവേനയോട് മിലാന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ടാം പാദത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. മിലാനുവേണ്ടി ഫ്രാങ്ക് കെസ്സിയും ക്രിവേനയ്ക്കായി മുഹമ്മദ് ബെന്നും ഗോള്‍ നേടി. ആദ്യ പാദത്തിലും ഇരുടീമുകളും സമനിലയാണ് നേടിയത്. അന്ന് 2-2 എന്ന സ്‌കോറിനാണ് സമനിലയില്‍ പിരിഞ്ഞത്. എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് മിലാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 

ലെസ്റ്റര്‍ സിറ്റി ദുര്‍ബലരായ സ്ലാവിയ പ്രാഹയോട് രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോറ്റാണ് പുറത്തായത്. ടീമിനായി ലൂക്കാസ് പ്രോവോഡും അബ്ദല്ല സിമയും സ്‌കോര്‍ ചെയ്തു. ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. 

പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ലൈനപ്പ് ഉടന്‍ പുറത്തുവരും. അയാക്‌സ്, ടോട്ടനം, ഗ്രനാഡ, റോമ, വിയ്യാറയല്‍ തുടങ്ങിയ ടീമുകള്‍ നേരത്തേ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.

Content Highlights: Arsenal, Manchester United, Rangers enter into last 16, Leicester City exit