ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് തോല്‍വി. ആസ്റ്റണ്‍ വില്ലയാണ് ഗണ്ണേഴ്‌സിനെ നാണം കെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വില്ലയുടെ ജയം. മറ്റൊരു മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റി ലിവര്‍പൂളിനോട് സമനില വഴങ്ങി. സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

ആഴ്‌സനലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി ഒലി വാട്കിന്‍സ് ഇരട്ട ഗോളുകള്‍ നേടി. ബുകായോ സാകയുടെ സെല്‍ഫ് ഗോളും ആഴ്‌സനലിന് തിരിച്ചടിയായി. ഈ തോല്‍വിയോടെ ടീം പോയന്റ് പട്ടികയില്‍ 11-ാം സ്ഥാനത്തായി. എഴുമത്സരങ്ങളില്‍ നിന്നും അഞ്ച് വിജയങ്ങള്‍ നേടി ആസ്റ്റണ്‍ വില്ല ആറാം സ്ഥാനത്തെത്തി.  

ലിവര്‍പൂളിനെതിരെ ആധിപത്യം പുലര്‍ത്തിയെങ്കിലും അത് ഗോളാക്കി മാറ്റാന്‍ സിറ്റിയ്ക്ക് സാധിച്ചില്ല. മത്സരത്തിന്റെ 13-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ മുഹമ്മദ് സല ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 31-ാം മിനിട്ടില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ സിറ്റി തിരിച്ചടിച്ചു. 

ഈ സമനിലയിലൂടെ എട്ടുമത്സരങ്ങളില്‍ നിന്നും അഞ്ച് വിജയങ്ങളും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 17 പോയന്റ് നേടിയ ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. എഴുമത്സരങ്ങളില്‍ നിന്നും മൂന്നുവിജയങ്ങള്‍ മാത്രമുള്ള സിറ്റി പത്താം സ്ഥാനത്താണ്.  

Content Highlights: Arsenal lost to Aston Villa City draw with Liverpool