ലണ്ടന്‍: യൂറോപ്പാ ലീഗില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ആഴ്‌സണല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. സ്വന്തം മൈതാനത്ത് നടന്ന രണ്ടാംപാദ മത്സരത്തില്‍ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസിനോട് 2-1 ന്റെ തോല്‍വി വഴങ്ങിയാണ് ആഴ്സണലിന്റെ പുറത്താകല്‍. ഗ്രീസില്‍ നടന്ന ആദ്യപാദത്തില്‍ ഒരു ഗോളിന്റെ ജയം നേടിയ ആഴ്‌സണലിന് രണ്ടാംപാദത്തില്‍ ഒളിമ്പ്യാക്കോസ് നേടിയ എവേ ഗോള്‍ തിരിച്ചടിയായി.

അധികസമയത്തിന്റെ അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളാണ് ആഴ്‌സണലിന്റെ വിധിയെഴുതിയത്. 53-ാം മിനിറ്റില്‍ അബു സിസ്സെ നേടിയ ഗോളില്‍ ഒളിമ്പ്യാക്കോസ് അഗ്രഗേറ്റില്‍ ഒപ്പമെത്തി. എന്നാല്‍ 113-ാം മിനിറ്റില്‍ എമറിക് ഔബമെയാങ്ങിലൂടെ ആഴ്‌സണല്‍ വീണ്ടും മുന്നിലെത്തി. പ്രീക്വാര്‍ട്ടറിലേക്കെന്ന ഘട്ടത്തില്‍ 119-ാം മിനിറ്റില്‍ യൂസ്സെഫ് എല്‍ അറാബി ആഴ്‌സണലിന്റെ വിധികുറിച്ച ഗോള്‍ നേടി.

ഡച്ച് ക്ലബ്ബ് അയാക്‌സ് ആംസ്റ്റര്‍ഡാമും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. രണ്ടാംപാദത്തില്‍ ഗെറ്റഫെയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യപാദ മത്സരം എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റത് അയാക്‌സിന് തിരിച്ചടിയായി.

ഇരുപാദങ്ങളിലുമായി ബെല്‍ജിയം ക്ലബ്ബ് ബ്രൂഗിനെ 6-1 ന് തോല്‍പ്പിച്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡും പ്രീക്വാര്‍ട്ടറിലെത്തി. 

ഇരുപാദങ്ങളിലുമായി ലുഡോഗോറെറ്റ്സിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്റര്‍ മിലാനും പ്രീക്വാര്‍ട്ടറിലെത്തി.

Content Highlights: Arsenal knocked out of Europa League by Olympiakos