ലണ്ടന്‍: യൂറോപ്പ ലീഗില്‍ ആഴ്‌സണലിന് വിജയത്തുടക്കം. ജര്‍മനിയില്‍ നിന്നുള്ള കൊളോണിനെയാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്നതിനു ശേഷം രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് ആഴ്‌സണല്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഒമ്പതാം മിനിറ്റില്‍ ആഴ്‌സണലിനെ ഞെട്ടിച്ച് കൊണ്ട് കൊളോണാണ് ആദ്യ ഗോള്‍ നേടിയത്.  ആഴ്സണല്‍ ഗോള്‍ കീപ്പര്‍ ഓസ്പിന ക്ലിയര്‍ ചെയ്ത പന്ത് കാലില്‍ കിട്ടിയ ജോണ്‍ കോര്‍ബോഡാക്ക് പിഴച്ചില്ല. ഗ്രൗണ്ടിന് മധ്യഭാഗത്ത് നിന്നുള്ള ഷോട്ട വലയില്‍ പതിക്കുകയായിരുന്നു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പകരക്കാരനായി ഇറങ്ങിയ കൊലാസിനിക്കിലൂടെ ആഴ്സണല്‍ സമനില പിടിച്ചു. കൊലാസിനിക്കിന്റെ ഇടങ്കാലന്‍ ഷോട്ട് കൊളോണ്‍ ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ വലയിലെത്തി. 67-ാം മിനിറ്റില്‍ സാഞ്ചസിലൂടെ ആഴ്‌സണല്‍ ലീഡ് നേടി. രണ്ടു പ്രധിരോധ നിരക്കാരെ മറികടന്ന് സാഞ്ചസിന്റെ ഷോട്ട് കൊളോണ്‍ വല കുലുക്കുകയായിരുന്നു.

82-ാം മിനിറ്റില്‍ ഹെക്ടര്‍ ബെല്ലറിന്‍ ആഴ്‌സണലിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി. ആഴ്‌സണലിന്റെ അക്രമണത്തിനൊടുവില്‍ വാല്‍കോട്ടിന്റെ ഷോട്ട് കൊളോണ്‍ ഗോള്‍ കീപ്പര്‍ സേവ് ചെയ്തെങ്കിലും റീബൗണ്ട് വന്ന പന്ത് ബെല്ലറിന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.