ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യപാദ മത്സരത്തില്‍ സിഎസ്‌കെഎ മോസ്‌കോയ്‌ക്കെതിരേ ആഴ്‌സലിന് തകര്‍പ്പന്‍ വിജയം. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ആഴ്‌സലിന്റെ ജയം. ആരോണ്‍ റാംസിയും അലക്‌സാഡ്രെ ലാക്സെറ്റയും നേടിയ ഇരട്ട ഗോളാണ് ആഴ്‌സനലിന് വമ്പന്‍ ജയം നല്‍കിയത്. വിജയത്തോടെ ആഴ്‌സനല്‍ യൂറോപ്പ ലീഗ് സെമിയിലേക്ക് അടുത്തു. 

ചാമ്പ്യന്‍സ് ലീഗിൽ യോഗ്യത നേടണമെങ്കില്‍ യൂറോപ്പ കിരീടം നിര്‍ബന്ധമായ ആഴ്‌സണല്‍ വിജയം മാത്രം ലക്ഷ്യമിട്ട് ആക്രമിച്ചാണ് തുടക്കം മുതല്‍ കളിച്ചത്. ഒമ്പതാം മിനിറ്റില്‍ റാംസി ആഴ്‌സനലിന്റെ ആദ്യഗോള്‍ പോസ്റ്റിലെത്തിച്ചു. എന്നാല്‍ പതിനഞ്ചാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഗൊലോവിന്‍ സിഎസ്‌കെഎ മോസ്‌കോയ്ക്ക് സമനില നല്‍കി. എന്നാല്‍ 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലാക്സെറ്റ ആഴ്‌സനലിന് ലീഡ് നല്‍കി. ആദ്യ പകുതി അവസാനിക്കുന്നതിനുള്ളില്‍ രണ്ട് ഗോളുകള്‍ കൂടി (35 - ലാക്സെറ്റ, 28 - റാംസി) പോസ്റ്റിലെത്തിച്ച് ആഴ്‌സനല്‍ വിജയം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ പിറക്കാതിരുന്നതോടെ 4-1 ന്റെ ഗംഭീരം വിജയം ആഴ്‌സനല്‍ പിടിച്ചെടുത്തു. 

മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പോര്‍ട്ടിങ്ങ് ക്ലബിനെ എതില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തറപറ്റിച്ച് അത്‌ലറ്റിക്കോ മാഡ്രിഡും സെമിയിലേക്ക് അടുത്തു. മത്സരത്തിന്റെ ആദ്യ മിനിറ്റിനുള്ളില്‍ കൊകെയും 41-ാം മിനിറ്റില്‍ ഗ്രീസ്മാനുമാണ് അത്ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. സാല്‍സ്ബര്‍ഗിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലാസിയൊയും സെമി സാധ്യത സജീവമാക്കി. ആദ്യപാദ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബായ ലെപ്സിഗ് ഏകപക്ഷീയമായ ഒരു ഗോളിന് ഒളിമ്പിക് മാഴ്സയെയും തോല്‍പ്പിച്ചു. വെര്‍ണര്‍ നേടിയ ഏക ഗോളാണ് ലെപ്സിഗിന് വിജയം സമ്മാനിച്ചത്. അടുത്ത വ്യാഴാഴ്ചയാണ് രണ്ടാംപാദ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക.

Content Highlights; Arsenal, Atletico close in on Europa League semis