കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പ് ഫുട്‌ബോളില്‍ കരുത്തരായ ജംഷേദ്പുര്‍ എഫ്.സിയ്ക്ക് തോല്‍വി. ഗ്രൂപ്പ് ബി യില്‍ നടന്ന മത്സരത്തില്‍ ആര്‍മി ഗ്രീന്‍ ഫുട്‌ബോള്‍ ടീമാണ് ഐ.എസ്.എല്‍ ടീമായ ജംഷേദ്പുരിനെ അട്ടിമറിച്ചത്. 

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ആര്‍മി ഗ്രീനിന്റെ വിജയം. ഈ വിജയത്തോടെ ടീം നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി. ടീമിനായി ദീപക് സിങ് ഇരട്ട ഗോളുകള്‍ നേടി.

43-ാം മിനിട്ടില്‍ ദീപക് സിങ്ങിലൂടെ ആര്‍മി ഗ്രീന്‍ മത്സരത്തില്‍ ലീഡെടുത്തു. ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്താനും ടീമിന് സാധിച്ചു. രണ്ടാം പകുതിയില്‍ ദീപക് വീണ്ടും സ്‌കോര്‍ ചെയ്തതോടെ ആര്‍മി ഗ്രീന്‍ 2-0 ന് മുന്നിലെത്തി. പിന്നാലെ സോച്ചിന്‍ ഛേത്രിയും ലക്ഷ്യം കണ്ടതോടെ ആര്‍മി ഗ്രീന്‍ മൂന്നു ഗോളിന്റെ ലീഡ് സ്വന്തമാക്കി വിജയം ഏതാണ്ട് ഉറപ്പിച്ചു. 

ജംഷേദ്പുരിനായി 61-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ജിതേന്ദ്ര സിങ് ലക്ഷ്യം കണ്ടെങ്കിലും പിന്നീടൊരു ഗോള്‍ കൂടി നേടാന്‍ ടീമിന് സാധിച്ചില്ല.

ഈ തോല്‍വിയോടെ ജംഷേദ്പുരിന്റെ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ക്ക് തിരിച്ചടി നേരിട്ടു. ആദ്യ മത്സരത്തില്‍ ടീം വിജയം സ്വന്തമാക്കിയിരുന്നു. 

Content Highlights: Army Green register 3-1 win against Jamshedpur FC in Durand Cup