ബല്‍ഗ്രേഡ്: ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ടില്‍ ഊരിയെറിഞ്ഞ നായകന്റെ ആംബാന്‍ഡ് ലേലത്തിന്. 

സെര്‍ബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആംബാന്‍ഡ് ലേലത്തിനുവെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്‌റിലോ ദര്‍ദെവിക്ക് എന്ന കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം ശേഖരിക്കാനാണിത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സെര്‍ബിയയ്‌ക്കെതിരേ ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോയുടെ ഷോട്ട് പ്രതിരോധനിരതാരം രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഗോള്‍വര കടന്നിരുന്നു. എന്നാല്‍, റഫറി അനുവദിച്ചില്ല. മത്സരം 2-2ന് സമനിലയില്‍ നില്‍ക്കെയായിരുന്നു സംഭവം.

ഇതോടെ ക്ഷുഭിതനായ പോര്‍ച്ചുഗല്‍ താരം നായകന്റെ ആംബാന്‍ഡ് ഗ്രൗണ്ടില്‍ വലിച്ചെറിഞ്ഞ് കളിതീരുംമുമ്പേ കളംവിട്ടിരുന്നു. ഈ ആംബാന്‍ഡ് സ്റ്റേഡിയം ജീവനക്കാരനിലൂടെ ശേഖരിച്ചാണ് ലേലത്തിനുവെച്ചത്.

മൂന്നുദിവസം ഓണ്‍ലൈന്‍ ലേലത്തിനുണ്ടാകും. ക്രിസ്റ്റ്യാനോയുടെ പ്രവൃത്തി ചട്ടലംഘനമാണോ എന്ന് പരിശോധിക്കാന്‍ ഫിഫ ഗവേണിങ് ബോഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: armband which thrown away by Cristiano Ronaldo is put up for auction