കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മധ്യനിരതാരം അര്‍ജുന്‍ ജയരാജ് പുതിയ ക്ലബ്ബായ കേരള യുണൈറ്റഡില്‍ കളിക്കും. ക്ലബ്ബുമായി ഒരു സീസണിലേക്കാണ് കരാര്‍. ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം ഋഷിദത്തും യുണൈറ്റഡിലെത്തിയിട്ടുണ്ട്.
ഈ സീസണില്‍ കേരള യുണൈറ്റഡ് രണ്ടാം ഡിവിഷന്‍ ഐ ലീഗിലും കേരള പ്രീമിയര്‍ ലീഗിലും കളിക്കും. ഇംഗ്ലീഷ് ക്ലബ്ബ് ഷെഫീല്‍ഡ് യുണൈറ്റഡ് അടക്കമുള്ളവയുടെ ഉടമകളായ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബ്ബാണ് കേരള യുണൈറ്റഡ്. കോഴിക്കോട് ക്ലബ്ബ് ക്വാര്‍ട്‌സ് എഫ്.സി.യെ ഏറ്റെടുത്ത് പേര് മാറ്റുകയായിരുന്നു.
പരിക്കുകാരണം കഴിഞ്ഞ സീസണ്‍ നഷ്ടപ്പെട്ട അര്‍ജുന്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ ടീമിലുണ്ടായിരുന്നു. അവസരം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ക്ലബ്ബുമായി ധാരണയിലെത്തി കരാര്‍ അവസാനിപ്പിച്ചു. മലപ്പുറംകാരനായ അര്‍ജുന്‍ മുമ്പ് ഗോകുലം കേരളയുടെ താരമായിരുന്നു.
കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരള ടീമില്‍ കളിച്ച ഋഷിദത്ത്, സ്‌ട്രൈക്കര്‍ മൗസിഫ് എന്നിവരടക്കം 24 കളിക്കാര്‍ കേരള യുണൈറ്റഡിലെത്തി. ഇതിലേറെയും 20 വയസ്സില്‍ താഴെയുള്ളവരാണ്. മൂന്നുവര്‍ഷത്തേക്കാണ് മിക്കവരുടെയും കരാര്‍. രണ്ട് വിദേശതാരങ്ങളും ടീമിലെത്തും. ക്ലബ്ബിന്റെ പരിശീലനം ജനുവരി ആദ്യവാരം എടവണ്ണയിലെ സീതിഹാജി സ്റ്റേഡിയത്തില്‍ തുടങ്ങും.
അര്‍ജുന്‍ ജയരാജിനെ ലഭിച്ചത് ടീമിന് ഗുണം ചെയ്യുമെന്നും യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുമെന്നും കേരള യുണൈറ്റഡ് സി.ഇ.ഒ. ഷബീര്‍ മണ്ണാരില്‍ അറിയിച്ചു.
Content Highlights: Arjun Jayaraj Joined Kerala United FC