പാരിസ്: കാലിൽ പന്തുമായി നൃത്തം ചവിട്ടുന്ന മെസ്സിയെ പലകുറി കണ്ടുകഴിഞ്ഞു നമ്മൾ. ഇക്വഡോറിലെ ഒളിമ്പിക്കോ സ്‌റ്റേഡിയത്തില്‍ ഈ നൃത്തത്തിനൊടുവിൽ തങ്കലിപികളിലെഴുതുന്ന ഒരു ഹാട്രിക്കോടെ ടീമിനെ ലോകകപ്പിന്റെ ഫൈനൽ റൗണ്ടിലെത്തിക്കുകയും ചെയ്തു മെസ്സി.

വിജയത്തിനുശേഷം ഗ്രൗണ്ടിലെ നൃത്തം ഡ്രെസ്സിങ് റൂമിലും തുടർന്നു അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം. ജെഴ്സിയൊക്കെ ഊരി മതിമറന്നുള്ള ആവേശത്തോടെയുള്ള നല്ല ഒന്നാന്തരം നൃത്തം. നായകന്റെ നൃത്തം വീഡിയോയിൽ പകർത്തിയത് ടീമംഗം ഹാവിയർ മഷരാനോയാണ്. സാമൂഹിക മാധ്യമങ്ങളിൽ വൻ ഹിറ്റാണ് മെസ്സിയുടെ ഇൗ നൃത്തവീഡിയോ.

ജെഴ്‌സിയൂരി ടീമംഗങ്ങളോടൊപ്പം മെസ്സി പാട്ടു പാടി നൃത്തം ചെയ്ത് ആഘോഷിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ മഷരാനോ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

ലാറ്റിനമേരിക്കൻ മേഖലാ യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് അർജന്റീന അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്.