ബ്യൂണസ് ഐറിസ്: ലയൺ മെസ്സിയുടെ പെനാൽറ്റി ഗോളിൽ ഇക്വഡോറിനെ വീഴ്ത്തി അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിന്റെ 13-ാമത്തെ മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫഡറേഷൻ ഏർപ്പെടുത്തിയിരുന്ന വിലക്കിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് മെസ്സി ദേശീയ ടീമിൽ തിരിച്ചെത്തിയത്. 13-ാം മിനിറ്റിൽ ലൂകാസ് ഒകാംമ്പോസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യത്തിലെത്തിച്ചു. മെസ്സിയുടെ 71-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
അതേസമയം മറ്റൊരു മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളിന് യുറുഗ്വായ് ചിലിയെ തോൽപ്പിച്ചു. പരാഗ്വെ-പെറു മത്സരം സമനിലയിൽ അവസാനിച്ചു. 39-ാം മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ യുറുഗ്വായ് ആണ് ലീഡെടുത്തത്. തുടർന്ന് 54-ാം മിനിറ്റിൽ അലക്സിസ് സാഞ്ചസിലൂടെ ചിലി സമനില ഗോൾ കണ്ടെത്തി. എന്നാൽ പകരക്കാരനായി ഇറങ്ങിയ മാക്സിമിലാനോ ഗോമസ് ഇഞ്ചുറി സമയത്ത് യുറുഗ്വായ്ക്ക് വിജയഗോൾ സമ്മാനിച്ചു.
പരാഗ്വെയും പെറുവും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ആന്ദ്രെ കരില്ല 52, 85 മിനിറ്റുകളിൽ പെറുവിനായി വല ചലിപ്പിച്ചപ്പോൾ 66,81 മിനിറ്റുകളിൽ റൊമേരോ പരാഗ്വെയ്ക്കായി ലക്ഷ്യം കണ്ടു.
Content Highlights: Argentina win Lionel Messi goal football