ഫിഫ ലോകകപ്പ് നേടിയ അർജന്റീനയ്ക്ക് അഭിനന്ദനവുമായി ഡൽഹി കേരളഹൗസിൽ നടത്തിയ ആഘോഷത്തിൽ ഇന്ത്യയിലെ അർജന്റീന എംബസി കൊമേഴ്‌സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ മലയാളി ആരാധകർക്കൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ
ന്യൂഡൽഹി: കേരളത്തിലെ കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകാൻ താത്പര്യമുണ്ടെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അർജന്റീന സർക്കാരിന്റെ പ്രതിനിധി. ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയെ നെഞ്ചേറ്റുന്ന മലയാളി ആരാധകർക്ക് നന്ദിയറിയിച്ച് ഡൽഹി കേരളഹൗസിലെത്തിയ അർജന്റീന എംബസി കൊമേഴ്‌സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യറാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലയണൽ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകർ കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞതായി സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയിലെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും വൈകാതെ കേരളം സന്ദർശിക്കും. കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകൾ പരിശോധിക്കും. ഫുട്‌ബോളിനുപുറമേ കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാധ്യതകൾ പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ടുകാണാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളഹൗസിൽ റെസിഡന്റ് കമ്മിഷണർ സൗരഭ് ജെയിൻ ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയെ പൊന്നാടയണിയിച്ചു. ലോകകപ്പ് ഫൈനൽ ദിവസം കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന മലയാളി ആരാധകരുടെ ആഹ്ലാദപ്രകടനങ്ങൾ ചേർത്തു തയ്യാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു. അർജന്റീനയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ചു. തുടർന്ന് കേരളഹൗസിലെ അർജന്റീന ഫാൻസിനൊപ്പം പന്തുതട്ടി. അനുമോദനയോഗത്തിൽ കേരളഹൗസ് കൺട്രോളർ സി.എ. അമീർ, ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Argentina will come -teach the game to the children of Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..