ടെക്‌സാസ്: സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് മികച്ച വിജയം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും അഗ്യൂറോയും ഡി മരിയയും ഇല്ലാതെ കളിച്ച അര്‍ജന്റീന എതിരില്ലാത്ത നാല് ഗോളിന് മെക്‌സിക്കോയെ തോല്‍പ്പിച്ചു. അര്‍ജന്റീനക്കായി ലൗട്ടാറോ മാര്‍ട്ടിനെസ് ഹാട്രിക് നേടി. 

ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ നാല് ഗോളുകളും വന്നത്. മത്സരം തുടങ്ങി 17-ാം മിനിറ്റില്‍ തന്നെ മാര്‍ട്ടിനെസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. അഞ്ചു മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും നേടി.

33-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അര്‍ജന്റീന ലീഡ് മൂന്നാക്കി ഉയര്‍ത്തി. ലിയാന്‍ഡ്രൊ പരദേസ് ആണ് അര്‍ജന്റീനക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. 39-ാം മിനിറ്റില്‍ മാര്‍ട്ടിനെസ് ഹാട്രിക് പൂര്‍ത്തിയാക്കി. അര്‍ജന്റീനക്കായി ആദ്യമായാണ് മാര്‍ട്ടിനെസ് ഹാട്രിക് നേടുന്നത്. അതേസമയം പുതിയ പരിശീലകന് കീഴില്‍ മെക്‌സിക്കോ ഞെട്ടിക്കുന്ന തോല്‍വിയാണ് വഴങ്ങിയത്. 

 

Content Highlights: Argentina vs Mexico Friendly Football Lautaro Martinez