Photo: AFP
ഫുട്ബോളിലെ മിശിഹാ... ജന്മമെടുത്ത ദിനം, ഇന്ന് കോടിക്കണക്കായ ഫുട്ബോള്‍ പ്രേമികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലും കുറിക്കപ്പെട്ട വാക്കുകള്‍. അതെ 35 വര്‍ഷം മുമ്പ് അര്‍ജന്റീനയിലെ സാന്റാ ഫെ പ്രവിശ്യയിലെ റൊസാരിയോ പട്ടണത്തില്‍ ജന്മം കൊണ്ട ആ സാധാരണ പയ്യന് ഫുട്ബോള്‍ ലോകത്തെ തന്റെ കാല്ക്കീഴില് നിയന്ത്രിച്ച് നിര്‍ത്താനുള്ള കഴിവുണ്ടായിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഹോര്‍മോണുകള്‍ ശരീരത്തില്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്ന അപൂര്‍വ ജനിതക രോഗം ബാധിച്ചിരുന്ന ഒരു ഒമ്പതര വയസുകാരന് ഫുട്ബോള്‍ കരിയറില്‍ ഇത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അവന്റെ മാതാപിതാക്കള്‍ പോലും കരുതിയിരുന്നില്ല. ഇടംകാലില്‍ പന്ത് കൊരുത്ത് എതിര് പ്രതിരോധ നിരകളെ കീറിമുറിച്ച് മുന്നേറുന്ന ആ അഞ്ചടി അഞ്ചിഞ്ചുകാരന്റെ, ലയണല്‍ ആന്ദ്രേസ് മെസ്സിയെന്ന ഫുട്ബോള്‍ മാന്ത്രികന്റെ 35-ാം ജന്മദിനമാണിന്ന്. നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോഴും ഇന്നും ഒരു ലോക കിരീടമെന്ന സ്വപ്നം അദ്ദേഹത്തിന് ബാക്കിനില്ക്കുന്നു. 150 ദിവസങ്ങള്‍ക്കപ്പുറം ഖത്തറില്‍ ഫുട്ബോള്‍ മാമാങ്കത്തിന് കൊടിയേറുമ്പോള്‍ അയാളുടെ ലക്ഷ്യവും ആ കിരീടം തന്നെയായിരിക്കും. ആരാധകരും കാത്തിരിക്കുകയാണ് വീണ്ടുമൊരു മെസ്സി മാജിക്കിനായി.
റൊസാരിയോയിലെ 'ഗ്രാന്‍ഡോലി' എന്നൊരു പ്രാദേശിക ക്ലബ്ബിനായാണ് മെസ്സി ആദ്യമായി കളത്തിലിറങ്ങുന്നത്. തന്റെ ചേട്ടന്മാരെ ഫുട്ബോള്‍ അക്കാദമിയിലേക്ക് കൊണ്ടുചെന്നാക്കുന്ന മുത്തശ്ശിക്കൊപ്പം കുഞ്ഞ് മെസ്സിയും കൂടും. അവിടെ കാണുന്ന ഫുട്ബോള്‍ തട്ടി ആ പയ്യന് സമയം തള്ളിനീക്കും. ഒരു ദിവസം അവിടത്തെ ടീമില്‍ കളിക്കാന്‍ ആള് തികയാതെ വന്നപ്പോള്‍ കോച്ച് സാല്‍വദോര്‍ റിക്കാര്‍ഡോ അപാരിസിയോ അമ്മൂമ്മയോട് അനുവാദം ചോദിച്ച് കുഞ്ഞ് മെസ്സിയെ കളിക്കാനിറക്കുകയായിരുന്നു. അതായിരുന്നു ക്ലബ് ഫുട്ബാളിന്റെ ലോകത്തേക്കുള്ള മെസ്സിയുടെ ആദ്യ കാല്‍വെയ്പ്.
ഫുട്ബോള്‍ കരിയര്‍ തരക്കേടില്ലാതെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് സമപ്രായക്കാരേക്കാള്‍ മെസ്സിക്ക് വളര്‍ച്ച കുറവാണെന്ന കാര്യം മാതാപിതാക്കളും ക്ലബ്ബില്‍ ഒപ്പം കളിക്കുന്നവരും തിരിച്ചറിയുന്നത്. അങ്ങനെ 1997 ജനുവരിയില്‍ ആ ഒമ്പതര വയസുകാരനെ മാതാപിതാക്കള്‍ നഗരത്തിലെ ഡോക്ടറായ ഡിയേഗോ ഷ്വാര്സ്റ്റീന്റെ പക്കലെത്തിക്കുന്നു. വിവിധ പരിശോധനകള്‍ക്ക് ശേഷം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഹോര്‍മോണുകള്‍ ശരീരത്തില്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത വളരെ അപൂര്‍വമായ ഒരു ജനിതക രോഗം മെസ്സിക്ക് ഉണ്ടെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുന്നു. ഭാരിച്ച ചിലവ് വരുന്ന ചികിത്സ ഉടന്‍ നടത്തണമെന്നും ഇല്ലെങ്കില്‍ മെസ്സിയുടെ വളര്‍ച്ച മുരടിച്ച് പോകുമെന്നും ഡോക്ടര്‍ അറിയിച്ചതോടെ മാതാപിതാക്കള്‍ അസ്വസ്ഥരാകുന്നു. അന്ന് മെസ്സിക്ക് ആവശ്യമായിവരുന്ന മരുന്നുകള്‍ക്കായി മാസം നല്ലൊരു തുക തന്നെ ചിലവ് വരുമായിരുന്നു. അന്ന് ന്യുവല്‍സ് ഓള്‍ഡ് ബോയ്സിന്റെ താരമാണ് മെസ്സി. അവര്‍ക്കും ഈ ചികിത്സാ ചിലവ് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു.
അങ്ങനെയാണ് മെസ്സിയുടെ ജീവിതത്തിലേക്ക് ബാഴ്സലോണയെന്ന ക്ലബ്ബ് രംഗപ്രവേശം ചെയ്യുന്നത്. ജോസഫ് മരിയ മിന്‍ഗ്വല്ല എന്ന സ്പോര്‍ട് ഏജന്റായിരുന്നു അതിന് വഴിവെച്ചത്. അക്കാലത്ത് ബാഴ്സയുടെ ടെക്നിക്കല്‍ ഡയറക്ടറായ ചാള്‍സ് റെക്സാച്ച് അങ്ങനെ ആ പ്രസിദ്ധമായ നാപ്കിന് കരാറിലൂടെ കുഞ്ഞ് മെസ്സിയെ ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയുടെ ഭാഗമാക്കുന്നു. 16-ാം വയസില്‍ ക്ലബ്ബിന്റെ സീനിയര്‍ ടീമില്‍ അംഗമായ മെസ്സി തിയറി ഒന്റ്രി, സാമുവല്‍ ഏറ്റൂ, റൊണാള്‍ഡീഞ്ഞോ എന്നിവര്‍ക്കൊപ്പം ബാഴ്സയുടെ നേട്ടങ്ങളില്‍ പങ്കാളിയായി. പെപ് ഗ്വാര്‍ഡിയോള ബാഴ്സയുടെ പരിശീലകനായി എത്തുന്നതോടെ മെസ്സിയുടെ കരിയര്‍ തന്നെ മാറിമറിയുന്നു. ബാഴ്സയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ 2008-09 സീസണില്‍ എല്ലാ കോമ്പറ്റീഷനുകളിലുമായി ഒരു ക്ലബ്ബിന് സ്വന്തമാക്കാവുന്ന എല്ലാ കിരീടങ്ങളും ക്യാമ്പ് നൗവിലെത്തുന്നു. ലാ ലിഗ, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ്ബ് ലോകകപ്പ് തുടങ്ങിയവയെല്ലാം ബാഴ്സയുടെ ഷെല്‍ഫില്‍ ഇടംനേടുന്നു. മെസ്സി - സാവി - ഇനിയെസ്റ്റ ത്രയം ലോക ഫുട്ബോളിലെ തന്നെ പകരംവെയ്ക്കാനില്ലാത്ത ശക്തിയാകുന്നു.
ഫോമിന്റെ പാരമ്യത്തില്‍ നിന്ന് ബാഴ്സ കൂപ്പുകുത്തുന്നതോടെ പിന്നീട് മെസ്സിയും തന്റെ കരിയറിലെ മോശം അവസ്ഥയിലേക്ക് പോകുന്നു. അങ്ങനെ 18 വര്‍ഷത്തിലേറെ നീണ്ട ബാഴ്സ ബന്ധം അവസാനിപ്പിച്ച് മെസ്സി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഭാഗമാകുന്നു. പരസ്പര പൂരകങ്ങളായിരുന്ന ഒരിക്കലും പിരിയില്ലെന്ന് ഫുട്ബോള്‍ ലോകം കരുതിയ ആ ബന്ധം അങ്ങനെ അവസാനിക്കുന്നു. പിഎസ്ജിയില്‍ തന്റെ മുന്‍ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ സാധിക്കുന്നില്ലെങ്കിലും അര്‍ജന്റീനയ്ക്കായി രണ്ടു പ്രധാന കിരീടങ്ങള്‍ നേടാന്‍ ഇക്കാലത്ത് മെസ്സിക്ക് സാധിക്കുന്നു. 2021 -ല്‍ കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന കിരീടം നേടുമ്പോള്‍ അത് അര്‍ജന്റീന സീനിയര്‍ ടീമിലെ മെസ്സിയുടെ ആദ്യ കിരീടമാകുന്നു. പിന്നാലെ അടുത്തിടെ വന്‍കര ടൂര്‍ണമെന്റ് ജേതാക്കളുടെ കിരീടപോരാട്ടത്തില്‍ ഇറ്റലിയെ തകര്‍ത്ത് മെസ്സി അര്‍ജന്റീനയില്‍ തന്റെ രണ്ടാമത്തെ പ്രധാന കിരീടവും സ്വന്തമാക്കുന്നു.
ദൈവം ഫുട്ബോള്‍ തട്ടാനായി മാത്രം തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു വിട്ടയാളാണ് മെസ്സി. രാജ്യത്തോട് കൂറില്ല എന്ന പഴി രണ്ട് പ്രധാന കിരീടങ്ങളോടെ മെസ്സി ഇല്ലാതാക്കുന്നു. ഇനി ആരാധകര്‍ അദ്ദേഹത്തില്‍ നിന്ന് ഇനിയും എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത്, ഒരു ലോക കപ്പ് വിജയമാണ്. ഖത്തറില്‍ ആ നേട്ടം മെസ്സിക്ക് സ്വന്തമാക്കാനാകുമെന്ന് തന്നെ അവര്‍ കരുതുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..