Photo Courtesy: fifa.com
സാന്റിയാഗോ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലി (1-1). ഇതോടെ ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ മറികടന്ന് ഒന്നാമതെത്താനുള്ള അര്‍ജന്റീനയുടെ മോഹത്തിന് തിരിച്ചടിയേറ്റു. അഞ്ചു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പതിനൊന്ന് പോയിന്റുമായി രണ്ടാമതാണവര്‍. അഞ്ച് മത്സരങ്ങളില്‍ ഒന്ന് പോലും തോറ്റിട്ടില്ല എന്നത് കോപ്പ അമേരിക്കയ്ക്ക് മുന്‍പ് അര്‍ജന്റീനയ്ക്ക് ആശ്വാസം പകരുന്ന ഘടകമാണ്. നാലു കളികളില്‍ നിന്ന് പതിനൊന്ന് പോയിന്റുണ്ട് ഒന്നാം സ്ഥാനക്കാരായ ബ്രസീലിന്. അഞ്ച് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിച്ച ചിലി അഞ്ച് പോയിന്റുമായി ആറാമതാണ്.
ഇരുപത്തിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയെ ആദ്യം മുന്നിലെത്തിച്ചത്. ലൗട്ടരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയാണ് മെസ്സി വലയിലെത്തിച്ചത്. വാറിന്റെ തുണയോടെയാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്.
മുപ്പത്തിയാറാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസ് ചിലിയെ ഒപ്പമെത്തിച്ചു. ഗാരി മെഡലിന്റെ ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് ഒഴിഞ്ഞ വലയിലേയ്ക്ക് ചെത്തിയിടുകയായിരുന്നു സാഞ്ചസ്. മെസ്സിക്ക് ഫ്രീകിക്കില്‍ നിന്ന് രണ്ട് സുവര്‍ണ ഗോവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഒന്ന് ഗോള്‍കീപ്പര്‍ കുത്തിയകറ്റുകയും മറ്റൊന്ന് ബാറിലിടിച്ച് മടങ്ങുകയും ചെയ്തു.
ലാറ്റിനമേരിക്കന്‍ റൗണ്ടിലെ മറ്റ് മത്സരങ്ങളില്‍ ബൊളീവിയ വെനസ്വേലയെ (3-1) തോല്‍പിച്ചപ്പോള്‍ യുറഗ്വായ്-പാരഗ്വായ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
Content Highlights: Argentina Settle for draw against Chile in Fifa World Cup Qualifier
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..