കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ട ടീമാണ് അര്‍ജന്റീനയും ബ്രസീലും. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും മുഖാമുഖം വന്നപ്പോള്‍ ആ ആവേശം നമ്മള്‍ കണ്ടതാണ്. കേരളത്തിലെ ഈ ഫുട്‌ബോള്‍ ഭ്രാന്ത് ഒടുവില്‍ അര്‍ജന്റീനയിലുമെത്തി. അര്‍ജന്റീനാ മാധ്യമമായ എല്‍ ഡെസ്‌റ്റെയ്പിലാണ് കേരളത്തിലെ അര്‍ജന്റീനാ ആരാധകരെ കുറിച്ചുള്ള വാര്‍ത്ത വന്നത്. 

ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള അര്‍ജന്റീനാ ഫുട്‌ബോള്‍ ആരാധനയെ കുറിച്ചായിരുന്നു വാര്‍ത്ത. മെസ്സിയേയും മാറഡോണയേയും ജീവനുതുല്ല്യം സ്‌നേഹിക്കുന്ന കേരളത്തിലെ ആരാധകരെ കുറിച്ച് വിശദമായി റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുണ്ട്. കോപ്പ അമേരിക്കയോട് അനുബന്ധിച്ച മലപ്പുറം വാഴക്കാട് അര്‍ജന്റീനാ ടീമിനായി സ്ഥാപിച്ച ഫ്‌ളക്‌സും ചീനിക്കലിലുള്ള അര്‍ജന്റീനാ സ്‌പെഷ്യല്‍ ബസ് സ്റ്റോപ്പും വാര്‍ത്തയില്‍ ഇടം നേടി. 

അര്‍ജന്റീനാ ഫാന്‍സ് കേരള ഫെയ്‌സ്ബുക്ക് പേജില്‍ ഇതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് റിപ്പോര്‍ട്ടില്‍ ഇടം നേടിയത്. കേരളത്തിലെ ഫുട്‌ബോള്‍ ടീമായ ഗോകുലം കേരള എഫ്‌സിയേയും കേരള ബ്ലാസ്റ്റേഴ്‌സിനേയും കുറിച്ച് റോപ്പര്‍ട്ടില്‍ പറയുന്നുണ്ട്.

Content Highlights: Argentina Media News on Kerala Football Fans