സാന്‍ യുവാന്‍: ബുധനാഴ്ച പുലര്‍ച്ചെ നടന്ന ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ചിലി ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റതോടെയാണ് അര്‍ജന്റീന ഔദ്യോഗികമായി ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്.

ഇരു ടീമും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന മത്സരത്തില്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മെസ്സിയുടെ ഒരു ലോങ് റേഞ്ചര്‍ ബ്രസീല്‍ ഗോളി ആലിസണ്‍ തടുത്തിട്ടത് മത്സരഫലത്തില്‍ നിര്‍ണായകമായി. 61-ാം മിനിറ്റില്‍ ഫ്രെഡിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയത് ബ്രസീലിനും തിരിച്ചടിയായി.

മത്സരത്തിന്റെ 35-ാം മിനിറ്റില്‍ അര്‍ജന്റീന താരം നിക്കോളാസ് ഓട്ടമെന്‍ഡിയുടെ കൈമുട്ട് ഇടിച്ച് ബ്രസീല്‍ താരം റാഫിഞ്ഞ്യയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ബ്രസീല്‍ ഒക്ടോബറില്‍ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. 

ഗ്രൂപ്പില്‍ 13 മത്സരങ്ങളില്‍ നിന്ന് 35 പോയന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 29 പോയന്റുമായി അര്‍ജന്റീന രണ്ടാമതുണ്ട്. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. അഞ്ചാമത്തെ ടീമിന് പ്ലേഓഫ് കളിക്കേണ്ടതായി വരും.

Content Highlights: argentina draws 0-0 with brazil in fifa world cup qualifiers