ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ ഇന്നു നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു. കനത്ത മഴ മൂലമാണ് മത്സരം മാറ്റിവെച്ചത്.

ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ മത്സരം നടത്താനാവാത്ത സാഹചര്യമാണ് ഉള്ളത് എന്നതുകൊണ്ടാണ് മത്സരം ഒരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന മത്സരത്തിന്റെ ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയാണ്. സോണി സിക്‌സ് എച്ച്ഡിയിലും സോണി കിക്‌സിലും മത്സരം തത്സമയം കാണാം.

മത്സരം ആരംഭിക്കാന്‍ ഒരു മണിക്കൂറില്‍ താഴെ സമയമുള്ളപ്പോഴാണ് മാറ്റിവെച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. മഴമൂലം ആരാധകര്‍ക്ക് കളി നടക്കേണ്ടിയിരുന്ന മോന്യുമെന്റല്‍ സ്‌റ്റേഡിയത്തിലേക്ക് എത്തിച്ചേരാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു.

Brazil-Argentina

പരിക്കേറ്റ ലയണല്‍ മെസ്സിക്കും അഗ്യൂറോയ്ക്കും പുറമേ കാര്‍ലോസ് ടെവസും ഇല്ലാതെയാകും അര്‍ജന്റീന മഞ്ഞപ്പടയ്‌ക്കെതിരെ ഇറങ്ങുക. ഇത് വെല്ലുവിളിയാണെങ്കിലും ഹിഗ്വെയ്ന്‍, ഡിമരിയ തുടങ്ങിയവരുള്ള അര്‍ജന്റീനന്‍ നിരയില്‍ പ്രതിഭയ്ക്ക് പഞ്ഞമൊന്നുമില്ല.

യോഗ്യതാ റൗണ്ടില്‍ ആദ്യ രണ്ടു മത്സരങ്ങളിലും വിജയം നേടാനായിട്ടില്ല എന്നത് അര്‍ജന്റീന കോച്ച് മാര്‍ട്ടിനോയ്ക്ക് സമ്മര്‍ദ്ദമേറ്റുന്ന മുഖ്യ പ്രശ്‌നം. ആദ്യമത്സരത്തില്‍ ഇക്വഡറിനോട് തോറ്റ ടീം രണ്ടാം മത്സരത്തില്‍ പരഗ്വായോട് സമനില വഴങ്ങുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ ബ്രസീലിനെ തോല്‍പിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് മാര്‍ട്ടിനോയും സംഘവും.

Argentina

എതിര്‍ ചേരിയില്‍ മികച്ച ഫോമിലുള്ള സൂപ്പര്‍ താരം നെയ്മറിന്റെ നേതൃത്വത്തിലാണ് ബ്രസീല്‍ പടയ്ക്കിറങ്ങുന്നത്. കോപ്പ അമേരിക്കയ്ക്കിടെ നേരിട്ട വിലക്കു മൂലം നെയ്മറിന് യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാനായിരുന്നില്ല.

പരിക്ക് ഭീഷണിയുള്ള ഫിലിപ് കുടീന്യോയെയും റോബര്‍ട്ടോ ഫിര്‍മിനോയേയും ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ബ്രസീലിയന്‍ കോച്ച് ദൂംഗ സീനിയര്‍ താരം കക്കയെ ടീമിലെടുത്തിട്ടുണ്ട്. ഡഗ്ലസ് കോസ്റ്റയും ഫ്രീകിക്ക് മാസ്റ്റര്‍ വില്ലിയനും ഉള്‍പ്പെടുന്ന ബ്രസീല്‍ ടീം ശക്തമാണ്.

Neymar

എന്നാല്‍ യോഗ്യത റൗണ്ടില്‍ ചിലിയോടേറ്റ പരാജയത്തിന്റെ ഭാരത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാകാതെയാണ് ബ്രസീല്‍ അര്‍ജന്റീനയ്‌ക്കെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ചിലിയോട് തോറ്റ ടീം രണ്ടാം മത്സരത്തില്‍ വെനസ്വേലയെ തോല്‍പിച്ച് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ടെങ്കിലും അര്‍ജന്റീനയെ അവരുടെ തട്ടകത്തില്‍ തളയ്ക്കുക കാനറികള്‍ക്ക് എളുപ്പമാകില്ല.

2018 ലോകകപ്പിലേക്കുള്ള പാതയില്‍ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ് ഈ മത്സരം. ജയിക്കുന്ന ടീമിന് ലോകകപ്പിലേക്കുള്ള പാത സുഗമമാകുമെങ്കില്‍ തോല്‍ക്കുന്നവര്‍ക്ക് പിന്നീട് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.