സാന്‍ യുവാന്‍: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരത്തിനിടെ അര്‍ജന്റീനന്‍ പ്രതിരോധതാരം നിക്കോളാസ് ഒട്ടമെന്‍ഡിക്ക് ചുവപ്പ് കാര്‍ഡ് നല്‍കാതിരുന്ന യുറുഗ്വായ് റഫറി ആന്ധ്രെസ് കുന്‍ഹയ്ക്കും വീഡിയോ അസിസ്റ്റന്റ് എസ്തബാന്‍ ഓസ്റ്റോജിച്ചിനും സസ്‌പെന്‍ഷന്‍. മത്സരത്തിന്റെ 35-ാം മിനിറ്റില്‍ ഒട്ടമെന്‍ഡി ബ്രസീല്‍ മുന്നേറ്റ താരം റാഫീന്യയുടെ മുഖത്ത് കൈമുട്ടുകൊണ്ട് ഇടിച്ചിരുന്നു.

കുന്‍ഹയും ഒസ്‌റ്റോജിച്ചും ഗുരുതരമായ പിഴവാണ് വരുത്തിയതെന്നും അനിശ്ചിത കാലത്തേക്ക് ഇരുവരേയും സസ്‌പെന്റ് ചെയ്യുകയാണെന്നും ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. 

പരിക്കേറ്റ റാഫീന്യോ അഞ്ച് സ്റ്റിച്ചുകളുമായാണ് രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയത്. എന്നിട്ടും വായില്‍ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു.

പന്തുമായി ബോക്സിനകത്തേക്ക് കയറിയറാഫീന്യയുടെ കാലില്‍ നിന്ന് ഒട്ടമെന്‍ഡി പന്ത് റാഞ്ചിയെടുത്തു. പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ ഒട്ടമെന്‍ഡിയെ റാഫീന്യ പ്രസ് ചെയ്തു. ഇത് കണ്ട ഒട്ടമെന്‍ഡി അപകടകരമാം വിധം കൈമുട്ട് വീശി. അര്‍ജന്റീന താരത്തിന്റെ കൈമുട്ട് നേരെ ചെന്നിടിച്ചത് റാഫീന്യയുടെ മുഖത്താണ്.

വേദനകൊണ്ട് പുളഞ്ഞ റാഫീന്യ അപ്പോള്‍ തന്നെ നിലത്തുവീണു. വായില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇക്കാര്യം റഫറിയെ അറിയിച്ചെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. മത്സരം പുനരാരംഭിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ പരിക്കേല്‍ക്കാതെ റാഫീന്യ രക്ഷപ്പെട്ടത്. 

Content Highlights: Argentina-Brazil draw Two officials suspended for missing Otamendi elbow